'ഞങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് പലപ്പോഴും ചരമകോളത്തിലാണല്ലോ..,ഞങ്ങളീപാതയില്‍ കാവലുണ്ട്'; ഒരു റെയില്‍വേ ജീവനക്കാരന്‍റെ കുറിപ്പ്

Published : Aug 12, 2019, 05:40 PM ISTUpdated : Aug 12, 2019, 06:07 PM IST
'ഞങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് പലപ്പോഴും ചരമകോളത്തിലാണല്ലോ..,ഞങ്ങളീപാതയില്‍ കാവലുണ്ട്'; ഒരു റെയില്‍വേ ജീവനക്കാരന്‍റെ കുറിപ്പ്

Synopsis

പ്രളയത്തിലും അതിന്‍റെ ബാക്കിപത്രമായി താറുമാറാകുന്ന റെയില്‍ ഗതാഗതവും പുനസ്ഥാപിക്കാന്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നവരെ കുറിച്ച്  ഓര്‍മിപ്പിക്കുന്നതും അടുത്തറിയാന്‍ സഹായിക്കുന്നതുയ ഒരു ജീവനക്കാരന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

പ്രളയവും ദുരിതവും അതിജീവനവും നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. കര്‍മനിരതരായി ഒരുപാട് പേരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അത്ഭുതത്തോടെ നമ്മള്‍ നോക്കിക്കാണുകയാണ്. അത്തരത്തില് പ്രളയത്തിലും അതിന്‍റെ ബാക്കിപത്രമായി താറുമാറാകുന്ന റെയില്‍ ഗതാഗതവും പുനസ്ഥാപിക്കാന്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നവരെ കുറിച്ച് നാം പലപ്പോഴും ഓര്‍ക്കാറില്ല. അത്തരം ഒരു കൂട്ടരുണ്ട് നമുക്ക് ചുറ്റും. അവരെ ഓര്‍മിപ്പിക്കുന്നതും അടുത്തറിയാന്‍ സഹായിക്കുന്നതുമാണ് ഒരു ജീവനക്കാരന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പിങ്ങനെ...

കഴിഞ്ഞ കുറച്ച് രാപ്പകലുകളായി ചില മനുഷ്യക്കോലങ്ങള്‍ തകര്‍ന്ന പാളങ്ങളിലും, പാലങ്ങളിലും, പ്ളാറ്റ്ഫോമുകളിലും, ഇടിഞ്ഞ് വീണ മണ്‍കൂനകളിലും, നിങ്ങള്‍ക്കുള്ള വഴിയൊരുക്കുകയാണ്.

പോലീസിനെയും, പട്ടാളത്തെയും, വൈദ്യുതിതൊഴിലാളിയെയും, വാഴ്ത്തുന്ന ലേഖനങ്ങളും, ചിത്രങ്ങളും കണ്ടുള്ള പരിഭവമായി കരുതല്ലേ കേട്ടോ !!. ഒരുപക്ഷേ പരക്കെ ഞങ്ങളെ നിങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരിക്കണം. ഞങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് പലപ്പൊഴും ചരമകോളത്തിലാണല്ലോ..!

ഇന്ത്യന്‍ റയില്‍വേയുടെ എഞ്ചിനീറിംഗ് വിംഗില്‍ ഇരുമ്പുപാളങ്ങളുടെ കാവല്‍ക്കാരായി രാപ്പകല്‍ വ്യത്യാസമില്ലാതെ, നിങ്ങളുടെ ജീവന്‍ കടന്നുപോകുന്ന നേര്‍ രേഖകളില്‍ ഞങ്ങളുണ്ട്,
നൈറ്റ് പെട്രോള്‍മാന്‍റെ കരുതലായി, ഗേറ്റ്മാന്‍റെ ശ്രദ്ധയായി, ഗ്യാങ്മാന്‍റെ കരുത്തായി, കീമാന്‍റെ കണ്ണായി പലരൂപത്തിലും, ഭാവത്തിലും ഞങ്ങളീപാതയില്‍ കാവലുണ്ട്.

ഈ വേഷപ്പകര്‍ച്ചകളിലെ നൈറ്റ് പെട്രോള്‍മാന്‍ എന്ന അവതാരത്തെ കുറിച്ചാണ് എനിയ്ക്കിവിടെ നിങ്ങളോട് പറയാനുള്ളത്,

മണ്‍സൂണില്‍ തീവണ്ടിയിലെ രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്ന് വീണിട്ടുണ്ടോ?
എപ്പോഴെങ്കിലും ??

അറിയണം !! അത് നൈറ്റ് പെട്രോള്‍മാന്‍റെ സന്ദേശമാണ്, ഞാനിവിടുണ്ട് ''ധൈര്യമായ് കടന്നുപോയ്കൊള്‍ക'' എന്ന ഉറപ്പ്..!! ഇരുപത് കിലോമീറ്ററോളം ദൂരമാണ് ഒരുരാത്രിയില്‍ പാലത്തിനടിയിലെ ജലനിരപ്പും, മണ്ണിടിയാന്‍ സാധ്യതയുള്ള ചരിവുകളും, വീഴാനൊരുങ്ങുന്ന മരങ്ങളും, തിട്ടപ്പെടുത്തി ഞങ്ങള്‍ പിന്നിടുന്നത്.... !!! ആനയും പുലിയും ഇറങ്ങുന്ന കാടുകളും ഇതില്‍പ്പെടും എന്ന് കേള്‍ക്കുമ്പോള്‍ അതിശയമുണ്ടോ ?

ഏകദേശം അഞ്ച് കിലോമീറ്ററുകള്‍ കൂടുമ്പോഴാണ് കാല്‍മുട്ടുകള്‍ക്ക് മുപ്പത് മിനിറ്റ് വിശ്രമം കിട്ടുന്നത്. ഡെറെറനേറ്ററുകളും, ട്രൈകളര്‍ ടോര്‍ച്ചും, ഫ്യൂസിയും, പന്നെ ഗ്യാങ്ങ് ബോര്‍ഡും അടങ്ങുന്ന ചുമലിലെ ബാഗില്‍ ഒരുകുപ്പി ദാഹജലം കൂടി ചേര്‍ത്താലുള്ള ഭാരം ആദ്യമാദ്യം വിഷമിപ്പിക്കുമെങ്കിലും പിന്നെ പിന്നെ ഒരു ശീലമായിമാറും.

ജോലിയുടെ പാതിസമയം പിന്നിടുന്ന വേളയില്‍, ഉറക്കം ചങ്ങാത്തം കൂടാന്‍ വരും..!! എങ്ങിലും നിങ്ങളുറങ്ങുന്ന രാത്രിയില്‍ കാവലായി ഞങ്ങള്‍ ഈ ഇരുമ്പുപാതകളില്‍ ഉണര്‍ന്നിരിക്കും. തകര്‍ത്തുപെയ്യുന്ന മഴ കോട്ടിനെയും, കുടയേയും, തച്ചുടയ്ക്കാനുള്ള വീര്യം കാട്ടുമ്പോള്‍, പുതപ്പിനടിയിലെ മഴരാത്രികള്‍ ഓര്‍മ്മകളില്‍ വന്ന് നിറയാറുണ്ട് ഇടയ്ക്ക്.

ഇലക്ട്രിഫൈ ചെയ്ത ട്രാക്കാണെങ്കില്‍ ഇടയ്ക്കിടെ കുടയില്‍ നിന്നും നീറ് കടിക്കുന്ന പോലൊരു തരിപ്പ് കഴുത്തിലേക്ക് പടരും.

ജോലി കഴിയാന്‍ നേരമാവുമ്പോള്‍ കയ്യിലെ ടോര്‍ച്ച് മയങ്ങിതുടങ്ങും. അവിടെയാണ് അടുത്ത അപകടങ്ങളുടെ പതുങ്ങിയിരിപ്പ്, ഇരപിടിയ്ക്കാനിറങ്ങുന്ന മലമ്പാമ്പുകള്‍ രൂപംകൊണ്ട് പലപ്പൊഴും പേടിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അവരെ കണ്ടാല്‍ മാറിപോകാറേ ഉള്ളൂ... അതും ശീലമായല്ലോ... എന്നാല്‍ വിഷം ഉള്ള ചിലരുണ്ട് ഹമ്മേ... ഓര്‍ക്കാനേ വയ്യ. കഴിഞ്ഞ ദിവസം കണ്ട സ്വര്‍ണ്ണനിറമുള്ള ചങ്ങാതിക്ക് എന്നേക്കാള്‍ നീളമുണ്ടായിരുന്നു.

ചിന്തയില്‍ അധികം മുങ്ങാങ്കുഴിയിട്ട് നില്‍ക്കാന്‍ പാടില്ല എന്ന തിരിച്ചറിവില്‍ ദൂരേയ്ക്ക് നോക്കവേ, ചിലപ്പോള്‍ അമ്പിളിക്കല പോലെ തീവണ്ടിയുടെ നെറ്റിക്കണ്ണുയര്‍ന്നുവരുന്നത് കാണാം.

വണ്ടിയുടെ ചൂളം വിളികള്‍ പലപ്പൊഴും മഴക്കാറ്റില്‍ അലിഞ്ഞുപോകുമ്പോള്‍ ആ വെളിച്ചമാണ് സുഹൃത്ത്. ഈ അടുത്തായി രണ്ടാഴ്ചയുടെ ഇടവേളയില്‍ കീമാന്‍ ഡ്യൂട്ടിയില്‍ ആയിരുന്ന രണ്ട് സഹപ്രവര്‍ത്തകരാണ് വിട പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ ഓരം ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ച സുഹൃത്തിന്‍റെ വസ്ത്രത്തില്‍ വണ്ടി പിടുത്തമിട്ടത് ഓര്‍മ്മയുണ്ട്, അന്ന് പരുക്കുകളോടെ ആണ് അദ്ദേഹം രക്ഷപ്പെട്ടത്.

വണ്ടി കടന്നുപോകുമ്പോള്‍ ട്രാക്കുകള്‍ക്ക് പുറത്ത് കടന്ന് നിന്ന് വേണം സന്ദേശങ്ങള്‍ നല്‍കാന്‍. അുത്ത ട്രാക്കിലേക്ക് കയറിനിന്നാല്‍ ഒരുപക്ഷേ അതുവഴി വരുന്ന വണ്ടിയുടെ ശബ്ദം കേള്‍ക്കതെ വന്നേക്കാം.

പ്രളയകാലം വന്നതോടെ പാലത്തിനടിയിലെ വെള്ളം കുത്തനെ ഉയരുന്നുണ്ട്. ജലനിരപ്പ് നിര്‍ദ്ദിഷ്ട ഉയരം പിന്നിട്ടിട്ടില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. തുരംഗങ്ങളുടെ വായില്‍ മണ്ണിടിഞ്ഞ് വീണിട്ടില്ല എന്നുറപ്പ് വരുത്തേണ്ടതും ഞങ്ങള്‍ തന്നെ...!!

ആരും എവിടെയും ഞങ്ങളെ കുറിച്ച് പറഞ്ഞുകണ്ടിട്ടില്ല. അതുകൊണ്ട് തന്നേ നിങ്ങള്‍ക്ക് ഞങ്ങളെ അറിയുകയും ഇല്ലായിരിക്കാം അതില്‍ പരിഭവവും ഇല്ല,
മറിച്ച് അഭിമാനമാണ് ഇന്ത്യാ മഹാരാജ്യത്തിന്‍റെ നാഡീവ്യൂഹമായ ഈ സംവിധാനത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍.

പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട്, ഇന്ന് ഡ്യൂട്ടിക്കിറങ്ങാന്‍ നേരമായി,
വണ്ടികള്‍ ഇനിയും ഒരുപാട് കടന്നുപോവാനുണ്ട്
ഞങ്ങളിവിടുണ്ടാവും, വീണ്ടും വിസില്‍ ചുണ്ടോട് ചേരും....

''VIKAS BABU.C
TRACK MAINTAINER -IV
Unit :1, ULL/MAQ
PALAGHAT DIVISION

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ