'ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത'; വേനലിൽ പശുക്കൾ വലയാതെ നോക്കാം, നിർദേശങ്ങൾ

Published : Apr 30, 2024, 07:32 PM IST
'ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത'; വേനലിൽ പശുക്കൾ വലയാതെ നോക്കാം, നിർദേശങ്ങൾ

Synopsis

'രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ തുറസായ സ്ഥലത്തു പശുക്കളെ മേയാന്‍ വിടുന്നത് ഒഴിവാക്കണം.'

തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മൃഗസംരക്ഷണ വകുപ്പ്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ തുറസായ സ്ഥലത്തു പശുക്കളെ മേയാന്‍ വിടുന്നത് ഒഴിവാക്കണം. 11ന് മുന്‍പും നാലിന് ശേഷവും മാത്രം പശുക്കളെ മേയാന്‍ വിടണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 

'തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണം. ഫാന്‍ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹകരമാവും. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍, നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമായിരിക്കണം. കറവപശുക്കള്‍ക്ക് 80- 100 ലിറ്റര്‍ വെള്ളം ദിവസം നല്‍കണം. ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.' മികച്ച കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 

'താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കണം. കനത്ത ചൂട് മൂലം കന്നുകാലികളില്‍ കൂടുതല്‍ ഉമിനീര്‍ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മര്‍ദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു.' ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

'ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനല്‍ക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടില്‍ നിന്നും പാല്‍ പൂര്‍ണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതല്‍ വൈകിട്ടു നാലു വരെയുള്ള സമയങ്ങളില്‍ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം.' തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ  വിദഗ്ദ്ധ ചികിത്സ തേടണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

സൂര്യാഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത്: ഉടന്‍ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.  തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കുക. കുടിക്കാന്‍ തണുത്ത വെള്ളം നല്‍കുക. ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍: ശരീരോഷ്മാവ് വര്‍ധിക്കുക. അമിതമായ ശ്വാസോച്ഛാസം, സാധാരണ ഗതിയിലും കൂടുതലായി ഉമിനീര്‍ കാണുക, വിറയല്‍, തളര്‍ന്നു വീഴുക, ആഹാരം കഴിയ്ക്കാതിരിക്കുക, ക്ഷീണം, ഛര്‍ദി.

'അവരുടെ ചെകിട്ടത്ത് അടിച്ച് കൈ തരിപ്പ് തീര്‍ത്താല്‍ മതി, ഇങ്ങോട്ട് വരേണ്ട...'; ശോഭാ സുരേന്ദ്രനോട് സലാം 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്