Published : Sep 11, 2023, 10:00 AM ISTUpdated : Sep 23, 2023, 07:43 AM IST

Malayalam News Highlights : കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്

Summary

സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

Malayalam News Highlights : കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്

10:03 AM (IST) Sep 11

ഭാരത് വിവാദത്തിൽ രാഹുൽ ഗാന്ധി

ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിൻ്റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്കരിക്കുന്നു എന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു.

10:02 AM (IST) Sep 11

ജി20യിൽ കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ

ജി20 ഉച്ചകോടിയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി ശശി തരൂർ. സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം എന്ന് തരൂർ അഭിപ്രായപ്പെട്ടു. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂർ വ്യക്തമാക്കി. അതേ സമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂർ പറഞ്ഞു.

10:02 AM (IST) Sep 11

കെ മുരളീധരന്റെ പരസ്യവിമർശനങ്ങളിൽ കോൺ​ഗ്രസിൽ അതൃപ്തി

കെ മുരളീധരന്റെ പരസ്യവിമർശനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോൺ​ഗ്രസ്. മുരളിയെ ഇനി അനുനയിപ്പിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന നേതാക്കൾ. തീരുമാനം ​ഹൈക്കമാൻഡ് എടുക്കട്ടെയെന്നും ധാരണയായിട്ടുണ്ട്. നാളെത്തെ കെപിസിസി ഭാരവാഹി യോ​ഗത്തിലും മുരളിക്കെതിരെ വിമർശനം ഉയർന്നേക്കും

10:02 AM (IST) Sep 11

ഇടുക്കിയിൽ നാലം​ഗ മൃ​ഗവേട്ട സംഘം പിടിയിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും  പിടികൂടി.  ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

10:01 AM (IST) Sep 11

നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി

ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുൾപ്പെ ടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. 

10:01 AM (IST) Sep 11

എ സി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ എം.എൽഎയെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി നൽകിയ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എ.സി മൊയ്തീനിന്‍റെ ശുപാർശപ്രകാരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

10:00 AM (IST) Sep 11

ജാമ്യം തേടി ചന്ദ്രബാബു നായിഡു ഇന്ന് ഹൈക്കോടതിയിലേക്ക്

371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും. നായിഡുവിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധമുയർത്താനാണ് ടിഡിപിയുടെ തീരുമാനം. സംസ്ഥാനത്തെമ്പാടും പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തതോടെ നായിഡുവിനെ ഇന്നലെ രാത്രി കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു.

10:00 AM (IST) Sep 11

ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. അതോടൊപ്പം ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.