ശക്തമായ മഴയും കാറ്റും, പാലക്കാ‌ട് ജില്ലയിൽ വ്യാപക നാശനഷ്ടം, വിവിധ ഇടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചു

Published : Jul 26, 2025, 12:38 PM IST
palakkad rain

Synopsis

പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറി

പാലക്കാ‌ട്: പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി‌ട്ടുണ്ട്.

നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു.

പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാ൪ക്കാട്, അലനല്ലൂ൪, അഗളി സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം പൂ൪ണമായും വിച്ഛേദിച്ചു. വൈദ്യുതി പുന:സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ആളിയാർ ഡാമിലെ 11 ഷട്ടറുകളും 12 സെൻറീമീറ്റർ വീതം ഉയർത്തി. ചിറ്റൂർപുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. ശിരുവാണി ഡാം സ്ലൂയിസ് ഷട്ട൪ പത്ത് സെൻറീ മീറ്റ൪ ഉയ൪ത്തി. ശിരുവാണി പുഴ, ഭവാനി പുഴ തീരത്ത് ജാഗ്രത നി൪ദേശം. വൈകീട്ട് അഞ്ചുവരെ 100 സെൻറീമീറ്റ൪ വരെ ക്രമാതീതമായി ഉയ൪ത്തും. പറമ്പിക്കുളം ഡാമിൻറെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതം ഉയർത്തി. നിലവിൽ സെക്കൻഡിൽ 1191 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്