സംസ്ഥാനത്ത് 3 ദിവസം മഴ കനക്കും; തലസ്ഥാനത്തടക്കം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടുക്കിയിൽ നാളെ റെഡ് അലർട്ട്

By Web TeamFirst Published Nov 30, 2020, 6:07 AM IST
Highlights

ഇടുക്കിയിൽ നാളെ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: കേരളത്തിൽ നാളെ  മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറി തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ട്. 

എഴുപത് കിലോമീറ്റ‍ർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാല്‍ ഇന്ന് മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. 

click me!