
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മേഖലയിൽ (Koottickal) ശക്തമായ മഴ പെയ്തു. പുല്ലകയാറിൽ (Pullakayar) ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര (urumbikkara) മേഖലയിൽ ഉരുൾപൊട്ടിയതായാണ് സംശയം.
കൂട്ടിക്കൽ ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ട്. വൈകുന്നേരം നാല് മണി മുതൽ ഈ മേഖലയിൽ മഴ പെയ്തിരുന്നു. ആറ് മണിയോടെയാണ് ആറ്റിലെ ജലനിരപ്പ് വളരെ വേഗം ഉയർന്നത്. റവന്യൂ, പൊലീസ് ഫയർഫോഴ്സ് സംഘം കൂട്ടിക്കലിൽ എത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ ഷട്ടറുകളിൽ ഒരെണ്ണമൊഴികെയുള്ളവ അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽ വേയിലെ ഷട്ടറുകളിൽ ഒരെണ്ണമൊഴികെയുള്ളവ അടച്ചു. രാത്രി പതിനൊന്നു മണിയോടെയാണ് അടച്ചത്. നിലവിൽ ഒരു ഷട്ടർ പത്തു സെൻറീമീറ്റർ മാത്രമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കൻറിൽ 142 ഘനയടി വെള്ളം ഒഴുകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയായി.
വൈകുന്നരം ആറു മണി മുതൽ എട്ടര വരെ സെക്കൻറിൽ 7300 ഘനയടിയോളം വെള്ളമാണ് തുറന്നു വിട്ടിരുന്നത്. ഇതേത്തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് അഞ്ചടിയിലധികം ഉയർന്നു. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ ചില വീടുകളിൽ ചെറിയ തോതിൽ വെള്ളം കയറി. തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് കുറച്ചതോടെ നദിയിലെ ജലനിരപ്പും കുറഞ്ഞു.ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതോടെ ഷട്ടറുകൾ അടച്ചു തുടങ്ങി. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്നാട് അതിർത്തിയിലുള്ള അപ്പർ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർദ്ധിക്കാൻ കാരണമായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.66 അടിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam