തിരുവനന്തപുരത്ത് ചിലയിടങ്ങളിലും കോഴിക്കോടും കനത്ത മഴ; പൊന്‍മുടിയില്‍ യാത്രാനിരോധനം

By Web TeamFirst Published Oct 17, 2019, 7:35 PM IST
Highlights

കിള്ളിയാറിന്‍റെ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ കനത്ത മഴ. തിരുവനന്തപുരം പൊന്മുടി കല്ലാർ മേഖലകളിലും കോഴിക്കോട് ജില്ലയിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഹില്‍ സ്റ്റേഷന്‍ പൊന്മുടിയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പൊന്മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ ഇന്ന് രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂറോളം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍  പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി. 

ഈ സാഹചര്യം കണക്കിലെടുത്താണ് 48 മണിക്കൂര്‍ നേരത്തേക്ക് പൊന്മുടി ഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കിള്ളിയാറിന്‍റെ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ബാലുശേരി കൂട്ടാലിടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ് കണ്ണാടി പൊയിൽ ,പാത്തിപ്പാറ പ്രദേശങ്ങളിൽ മണ്ണൊലിപ്പുണ്ടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് നഗരത്തിലെ റെയിൽവേ സ്‌റ്റേഷൻ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 

അതേസമയം മലമ്പുഴ ഡാമിന്‍റെ  നാല് ഷട്ടറുകൾ രണ്ട് സെന്‍റിമീറ്റര്‍ മുതൽ  മൂന്ന് സെന്‍റീമീറ്റര്‍ വരെ നാളെ ( 18/10/19) രാവിലെ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും  ജാ ഗ്രത പാലിക്കണം.

click me!