കനത്ത മഴ; അപകട സാധ്യത, വയനാട്ടിൽ 88,854 പേരെ മാറ്റിപാർപ്പിച്ചു

By Web TeamFirst Published Aug 13, 2019, 10:09 PM IST
Highlights

പ്രധാനമായും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നുമാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. 

വയനാട്: ശക്തമായ മഴയെത്തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 88,854 പേരെ മാറ്റിപാർപ്പിച്ചതായി ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും ഇത്രയും ആളുകളെ മാറ്റിതാമസിപ്പിച്ചതെന്ന് കളക്ടർ അവലോകനയോഗത്തില്‍ അറിയിച്ചു.

ഭൂരിഭാഗം പേരും ബന്ധു വീടുകളിലേക്ക് മാറിയപ്പോള്‍ മുപ്പത്തിഅയ്യായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. പ്രധാനമായും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നുമാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടിയ കുറിച്യര്‍മലയില്‍ നിന്ന് 1474 പേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടിയ പുത്തുമലയില്‍ നിന്ന് നാലായിരത്തോളം പേരെയും മാറ്റിപാർപ്പിച്ചിട്ടുണ്ട്. 

മുഴുവന്‍ ജീവനും സംരക്ഷണം നല്‍കാനാണ് ജില്ലാ ഭരണകൂടം പ്രഥമ പരിഗണന നല്‍കിയത്. ജില്ലയില്‍ പ്രാഥമിക കണക്കനുസരിച്ച് 565 വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചിട്ടുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ചെറുതും വലുതുമായ പത്ത് ഉരുള്‍പൊട്ടലാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. പുത്തുമല, വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്‍മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദേശീയ ദുരന്ത നിവാരണ സേന, ആര്‍മി, ഫയര്‍ ആന്‍ഡ് റസ്‌ക്യു, പൊലീസ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം സേനാംഗങ്ങളാണ് ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുള്ളത്. 
 

click me!