Web Desk   | Asianet News
Published : Oct 19, 2021, 12:08 AM ISTUpdated : Oct 19, 2021, 04:37 PM IST

Kerala Rains| ബുധനാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ഇടുക്കി ഡാം തുറന്നു

Summary

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമുകൾ ഓരോന്നായി തുറക്കുകയാണ്. ഇതിനകം സംസ്ഥാനത്തെ കക്കി, ഷോളയാർ, ചെറുതോണി ഡാമുകളാണ് തുറന്നത്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

Kerala Rains| ബുധനാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ഇടുക്കി ഡാം തുറന്നു

09:58 PM (IST) Oct 19

ഇടുക്കി അണക്കെട്ട്: ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ. മറ്റന്നാൾ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും. മഴ ശക്തമായാൽ സാഹചര്യം വിലയിരുത്തി തിരുമാനമെടുക്കും. ഇടമലയാറിൽ നാളെ കാര്യമായ മാറ്റം വരുത്തിയേക്കില്ല

 

09:53 PM (IST) Oct 19

നെയ്യാർ ഡാം: നാളെ രാവിലെ 6 മണിക്ക് ഓരോ ഷട്ടറും 60 സെന്‍റീ മീറ്റര്‍ കൂടി ഉയർത്തും

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 40 സെന്‍റീ മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. നാളെ (ഒക്ടോബർ-20) രാവിലെ ആറ് മണിക്ക് ഓരോ ഷട്ടറും 60 സെന്‍റീ മീറ്റര്‍ കൂടി ( മൊത്തം - 400 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

09:50 PM (IST) Oct 19

മലമ്പുഴ അകമലവാരം മായമ്പാറയിൽ നിന്നും ആളുകളെ മാറ്റും

ആനക്കൽ ട്രൈബൽ സ്കൂളിലേക്കാണ് മാറ്റുക. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈ മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുന്നത്.

09:49 PM (IST) Oct 19

കാലവർഷക്കെടുതി: 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്ന് മന്ത്രി കെ രാജൻ

കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്ന് റവന്യു മന്ത്രി കെ രാജൻ. അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും  മന്ത്രി പറഞ്ഞു. റെഡ് അലർട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും. തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

06:48 PM (IST) Oct 19

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ് 

06:48 PM (IST) Oct 19

തൃശ്ശൂ‍ർ എളവള്ളി പോത്തൻകുന്നിൽ മലയിടിച്ചിൽ

എളവള്ളി- കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തൻകുന്നിൻ്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണു. പ്രദേശത്ത് കല്ലു വെട്ടി ഉണ്ടായ വലിയ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി സ്ഥലം സന്ദർശിക്കുമ്പോഴായിരുന്നു സംഭവം.  
 വലിയ ശബ്ദത്തോടെ സമീപത്തെ മണ്ണ് ഇടിഞ്ഞു വീണത്.  കല്ല്‌ വെട്ടി നീക്കിയ ഭാഗത്തിന് അടിവശത്തായി മഞ്ഞ, കറുപ്പ് 
നിറത്തിലായി കാണപ്പെടുന്ന മണ്ണ് അതിശക്തമായ മഴ മൂലം നനഞ്ഞുകുതിർന്ന അവസ്ഥയിലാണ്

06:47 PM (IST) Oct 19

മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കർഷിക നഷ്ടം


കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി.പ്രസാദ്

06:47 PM (IST) Oct 19

പ്രളയം കണക്കിലെടുത്ത് നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി


കേരള നിയമസഭയുടെ നാളത്തെ കാര്യപരിപാടികൾ റദ്ദാക്കി. രാവിലെ സഭ ചേരുകയും പ്രളയത്തിൽ മരിച്ചവർക്ക് ചരമോപചാരം അ‍ർപ്പിച്ച് പിരിയുകയും ചെയ്യും. വ്യാഴം വെള്ളി ദിവസങ്ങളിലും സഭ ചേരില്ല
 

05:36 PM (IST) Oct 19

മഴ; കൊല്ലം ജില്ലയില്‍ 8.57 കോടി രൂപയുടെ നഷ്ടം

ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഇതുവരെ  8.57 കോടി രൂപയുടെ  നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ കണക്ക്. ജില്ലയില്‍ ഇതുവരെ ഒന്‍പത് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു  223 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. 

05:30 PM (IST) Oct 19

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു.  നദീ തീരങ്ങളോട്  ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം , മഴ മുന്നറിയിപ്പിന്‍റെ  പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരാന്‍ തന്നെയാണ് തീരുമാനം.

05:05 PM (IST) Oct 19

പ്രകൃതി ക്ഷോഭം; കെഎസ്ഇബിക്ക് ക്ക് 18 കോടി നഷ്ടം.

പ്രകൃതിക്ഷോഭം മൂലം കെഎസ്ഇബിക്ക് 18 കോടിയുടെ നഷ്ടം. വെള്ളം തുറന്ന് വിട്ടതുമൂലം 10 കോടി നഷ്ടം.

05:02 PM (IST) Oct 19

പെരിയാറിൽ ആശങ്ക വേണ്ടെന്ന് കൃഷ്ണന്‍കുട്ടി

പെരിയാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നിലവില്‍ 1.017 മീറ്റർ മാത്രമാണ് ജലനിരപ്പ്. പ്രളയമുന്നറിയിപ്പിന് ജല നിരപ്പ് 2.5 എത്തണം. അപകടനില എത്തണമെങ്കിൽ 3.5 ലെത്തണം.

 

04:53 PM (IST) Oct 19

ഇടുക്കി ഇടമലയാർ ഡാമുകൾ തുറക്കൽ

ഇടുക്കി ഇടമലയാർ ഡാമുകൾ തുറക്കൽ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആലുവയിൽ കൺട്രോൾ റൂം തുറന്നു.
 

04:32 PM (IST) Oct 19

അതിതീവ്ര മഴ മുന്നറിയിപ്പ്; കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു

അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു

04:31 PM (IST) Oct 19

വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ഇറക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യും

പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ ഡ്രൈവർ ജയദീപിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടി മോട്ടോർ വാഹനവകുപ്പ് തുടങ്ങി.

04:29 PM (IST) Oct 19

പത്തനംതിട്ടയിൽ 141 ദുരിതാശ്വാസ ക്യാമ്പുകൾ

പത്തനംതിട്ടയിൽ 141 ദുരിതാശ്വാസ ക്യാമ്പുകൾ. 1875 കുടുംബങ്ങളിലെ 6357 പേർ ക്യാമ്പിലുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവല്ല താലൂക്കിലാണുള്ളത്.  81 എണ്ണമാണ് ഇവിടെയുള്ളത്. 

04:27 PM (IST) Oct 19

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം

മലയോര മേഖലയിലും നദിക്കരകളിലും  താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്‍റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

04:26 PM (IST) Oct 19

തീരദേശവാസികൾ ജാഗ്രതപാലിക്കണം

കുറുമാലി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം

01:56 PM (IST) Oct 19

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ അൽപസമയത്തിനകം കൂടുതൽ ഉയർത്തും നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

01:55 PM (IST) Oct 19

കെഎസ്ഇബിയുടെ നഷ്ടത്തിനേക്കാൾ പ്രാധാന്യം ജനങ്ങളുടെ ജീവനെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ഇടുക്കി നേരത്തെ തുറന്നത് കെഎസ്ഇബിക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയതെങ്കിലും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി. എല്ലാം ഉദ്യോഗസ്ഥർ കണക്ക് കൂട്ടിയത് പോലെയാണ് നടന്നതെന്നും ഷട്ടർ അടക്കുന്ന കാര്യം മഴയുടെ അളവും അണക്കെട്ടിൻ്റെ റൂൾ കർവും അനുസരിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. 

01:51 PM (IST) Oct 19

വെള്ളിയാഴ്ച വരെ കേരളാതീരത്ത് മത്സ്യബന്ധത്തിന് വിലക്ക്

കേരള -ലക്ഷദ്വീപ്  തീരങ്ങളിൽ 20-10-2021 മുതൽ 22-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 20-10-2021 മുതൽ 22-10-2021 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

01:46 PM (IST) Oct 19

പാലക്കാട് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബർ 25 വരെ  നിർത്തിവച്ചു. വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനാലാണ് തീരുമാനം. ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

01:39 PM (IST) Oct 19

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

കേരള -ലക്ഷദ്വീപ്  തീരങ്ങളിൽ 20-10-2021 മുതൽ 22-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50  കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

12:36 PM (IST) Oct 19

അടുത്ത രണ്ട് ദിവസങ്ങളിൽ തീവ്ര മഴ

നാളെയും മാറ്റന്നാളും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തീവ്ര മഴ മുന്നറിയിപ്പ്. 11 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. മറ്റന്നാൾ  12 ജില്ലകളിൽ ഓറഞ്ച് അലർട്ട്. 

12:16 PM (IST) Oct 19

അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് വിഡി സതീശൻ

ഡാം മാനേജ് മെന്റിൽ 2018 ൽ സംഭവിച്ച മഹാ അബദ്ധങ്ങൾ ഇത്തവണ സംസ്ഥാനത്ത് ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2018ലെ പ്രളയത്തിൽ നദിയിൽ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. രണ്ടു ഡാമുകൾ ഒരുമിച്ച് തുറക്കരുത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുമ്പോൾ ഡാം തുറക്കരുതെന്നും അദ്ദേഹം പറഞ്ഞു

12:11 PM (IST) Oct 19

എറണാകുളത്തെ മുന്നൊരുക്കങ്ങൾ

എറണാകുളം ജില്ലയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിന് 32 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായി എഡിഎം എസ് ഷാജഹാൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് കമ്പനികൾ ആലുവയിൽ എത്തിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും പെരിയാർ തീരത്തില്ലെന്നും എഡിഎം

11:38 AM (IST) Oct 19

പമ്പയിൽ ജലനിരപ്പ് താഴുന്നു

പത്തനംതിട്ട ജില്ലയിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും ആശങ്കയില്ലെന്ന് മന്ത്രി വീണ ജോർജ്. പമ്പയിൽ ജലനിരപ്പ് താഴുന്നുണ്ടെന്നും അവർ പറഞ്ഞു.

 

11:00 AM (IST) Oct 19

ചെറുതോണി അണക്കെട്ട് തുറന്നു

ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 35 സെന്റിമീറ്റർ മുകളിലേക്ക് ഉയർത്തി. ഒരു മിനിറ്റിൽ 30000 ലിറ്റർ വെള്ളം പുറത്തേക്ക് വരും. അധികം വൈകാതെ രണ്ട്, നാല് ഷട്ടറുകൾ കൂടി തുറക്കും.

10:54 AM (IST) Oct 19

ചെറുതോണി അണക്കെട്ടിൽ സൈറൺ

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന്റെ മുന്നോടിയായി മൂന്ന് തവണ സൈറൺ മുഴങ്ങി

10:21 AM (IST) Oct 19

ഇന്ന് സാധാരണ മഴ, നാളെ മഴ ശക്തമാകും

ഇന്ന് മലയോര ജില്ലകളിൽ സാധാരണ മഴയ്ക്ക് സാധ്യത. നാളെ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, മലയോര ജില്ലകളിൽ അതി ശക്തമായ മഴക്കും സാധ്യത.

10:10 AM (IST) Oct 19

അവലോകന യോഗം തുടങ്ങി

ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള അവലോകന യോഗം ചെറുതോണിയിൽ തുടങ്ങി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എംപിയായ ഡീൻ കുര്യാക്കോസ്, ജില്ല കളക്ടർ, എസ്പി തുടങ്ങിയവർ പങ്കെടുക്കുന്നു

09:54 AM (IST) Oct 19

ജനങ്ങളുടെ സുരക്ഷ പ്രധാനം

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. റൂൾ കർവ് അനുസരിച്ച്  ജലനിരപ്പ് ക്രമീകരിക്കും. മഴ കുറഞ്ഞാൽ റൂൾ കർവ് പ്രകാരം തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കും. നാളെ മുതൽ വൈദ്യുതോൽപാദനം പരമാവധിയാക്കാമെന്നും വൈദ്യുതി വകുപ്പ് മന്ത്രി. അറ്റകുറ്റ പണിയിലുള്ള ഒരു ജനറേറ്റർ നാളെ പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

09:50 AM (IST) Oct 19

തോട്ടപ്പള്ളി സ്പിൽവേ

തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നു

09:02 AM (IST) Oct 19

കാലവസ്ഥ പ്രതികൂലം: മറ്റിടങ്ങളിലേക്കുള്ള വിമാനങ്ങൾ കൊച്ചിയിലിറക്കി

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി.

  • ദുബൈ - കോഴിക്കോട്,
  • അബുദാബി-കോഴിക്കോട്
  • ദുബായ്-കണ്ണൂർ
  • ഷാർജ - കോഴിക്കോട് 

എന്നീ വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലിറക്കിയത്.

08:59 AM (IST) Oct 19

പമ്പയിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

പമ്പ അണക്കെട്ടിലെ ഷട്ടറുകൾ 45 സെന്റീമീറ്റർ ആയി ഉയർത്തി

08:56 AM (IST) Oct 19

ആലപ്പുഴയിൽ ജാഗ്രത തുടരുന്നു

  • കക്കി അണക്കെട്ട് തുറന്നതോടെ അപ്പർ കുട്ടനാട്ടിൽ ചെറിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട് 
  • പമ്പ അണക്കെട്ട് കൂടി തുറന്നതോടെ കനത്ത ജാഗ്രത തുടരുകയാണ് 
  • വീയപുരം,  പള്ളിപ്പാട്, ചെങ്ങന്നൂരിലെ പാണ്ടനാട്,  ഇടനാട്  മേഖലകളിൽ വെള്ളക്കെട്ടുണ്ട് 
  • അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാത,  എസി റോഡ് എന്നിവടങ്ങളിൽ ഗതാഗത തടസ്സമുണ്ട് 
  • രാമങ്കരി ഉൾപ്പെടെ ചില സ്ഥലങ്ങളിൽ പാടങ്ങളിൽ മടവീണു

08:05 AM (IST) Oct 19

ഇടമലയാർ ഷട്ടർ വീണ്ടുമുയർത്തി

ഇടമലയാർ ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി. ആദ്യം 50 സെന്റിമീറ്ററായിരുന്നു ഉയർത്തിയത്.

07:45 AM (IST) Oct 19

ഇടുക്കിയിൽ 10.55 ന് ആദ്യ സൈറൺ

ഇടുക്കി അണക്കെട്ടിൽ രാവിലെ 10.55 ന് സൈറൺ മുഴക്കും, മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കും .രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കും. ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും. ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും

06:41 AM (IST) Oct 19

ഇടമലയാർ അണക്കെട്ടും തുറന്നു

ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തി.

06:19 AM (IST) Oct 19

ചാലക്കുടിയിൽ ആശ്വാസം

ചാലക്കുടിയിൽ ആശ്വാസം. ജലനിരപ്പ് താഴ്ന്നു. മഴ രാത്രി കുറഞ്ഞതാണ് കാരണം. നിലവിലെ ജലനിരപ്പ് 4.31 മീറ്റർ. മുന്നറിയിപ്പ് വേണ്ടത് 7.1 മീറ്റർ ആയാൽ. അപകടകരമായ ജലനിരപ്പ് 8.1 മീറ്റർ