കാലാവസ്ഥാ ഭീഷണി: കൊല്ലം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്; മലയോര യാത്രയ്ക്ക് നിയന്ത്രണം

By Web TeamFirst Published Oct 30, 2019, 5:41 PM IST
Highlights

മലയോര മേഖലയിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും (ഒക്ടോബർ 30) നാളെയും (ഒക്ടോബർ 31) സന്ദര്‍ശകരെ വിലക്കി കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മലയോര മേഖലയിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ യാത്രാ നിരോധനവും ഏർപ്പെടുത്തി. അത്യാവശ്യത്തിന് ഒഴികെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് കളക്ടർ അഭ്യർത്ഥിച്ചു. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. മറ്റന്നാൾ വൈകുന്നേരത്തോടെ ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത്  'മഹാ'  എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ചുഴലിക്കാറ്റ് ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ  90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.  

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിലവിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലായി മരങ്ങൾ ഒടിഞ്ഞുവീണു. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യതൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യയുണ്ട്. 

click me!