
തിരുവന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തിരക്കൊഴിഞ്ഞ‌് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ നാലേ കാലോടെ കന്യാകുമാരിയിലെത്തും. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്‍റെ ട്രയല്‍ റണ്ണും ഇന്ന് നടത്തി. 2000ത്തിലധികം പൊലീസുകാരെയാണ് സുരക്ഷ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാൻ മോദി എത്തുന്നത്. നാളെ വൈകിട്ട് മുല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. നാളെയാണ് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം പൂര്‍ത്തിയാവുക. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതല‍് വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.
2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു. തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തില്‍ ഈ ദൃശ്യങ്ങള്‍ ബിജെപിക്ക് വലിയ ഊർജ്ജവും പകർന്നു. ആ പിൻബലത്തിലാണ് വീണ്ടും ധ്യാനമിരിക്കാൻ മോദി തീരുമാനിച്ചത്. എന്നാല്‍ ഇത്തവണ വടക്കേ ഇന്ത്യക്ക് പകരം തെക്കെ ഇന്ത്യയിലേക്കാണ് ധ്യാനം മാറുന്നതെന്നതാണ് ശ്രദ്ധേയം.
ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെക്കെ ഇന്ത്യയിലെ പ്രചാരണത്തില്‍ ബിജെപി പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. തമിഴ്നാട് , കേരളം കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൂടി മികച്ച പ്രകടനം നടത്തി 400 സീറ്റ് നേടുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ തെക്കെ ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതിനൊപ്പം തമിഴ്നാട്ടിലെയടക്കം ക്ഷേത്രങ്ങളിലും മോദി തുടർച്ചയായി സന്ദർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും തെക്കെ ഇന്ത്യയില്‍ തന്നെയാണ് മോദി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam