‌‌‌സംസ്ഥാനത്ത് കടുത്ത വാക്സീൻ ക്ഷാമം: നാളെ വാക്സീനേഷൻ പൂർണമായി മുടങ്ങിയേക്കും

By Web TeamFirst Published Jul 27, 2021, 7:13 PM IST
Highlights

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വാക്സിൻ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. നാളെ നൽകാൻ വാക്സിനില്ല. 

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മേഖലാ  സംഭരണ കേന്ദ്രങ്ങളിലും വാക്സിൻ പൂർണമായും തീർന്നു. ജില്ലകളിലും കൊവിഷീൽഡ്  തീർന്നതോടെ നാളെ വാക്സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്ഥിതി. അതേസമയം നാളെ കൂടുതൽ  വാക്സിൻ എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ക്ക് ഉറപ്പു നൽകി.

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വാക്സിൻ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. നാളെ നൽകാൻ വാക്സിനില്ല. അവശേഷിച്ച കോവാക്സിൻ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്ന്  വാക്സിനേഷൻ പൂർണമായി മുടങ്ങാതിരുന്നത്. ഇന്നത്തോടെ ഇത് തീർന്നു. ചില ജില്ലകളിൽ മാത്രം നാമമാത്ര കോവാക്സിൻ ബാക്കിയുണ്ട്. 

കണ്ണൂരിൽ സർക്കാർ മേഖലയിൽ ഇന്ന് പ്രവർത്തിച്ചത് ഒരു വാക്സിനേഷൻ കേന്ദ്രം മാത്രം. കാസർഗോഡ് ഇന്ന് വാക്സിൻ നൽകിയത് രണ്ടാം ഡോസുകാർക്ക് മാത്രം. ഉള്ള സ്റ്റോക്കിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർക്ക് ഇന്ന് വാക്സിൻ നൽകി. അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് 2 ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് 4 ലക്ഷവും ഡോസ് വാക്സിൻ നാളെ എത്തുമെന്നാണ് വാക്കാലുള്ള അറിയിപ്പ്.  ഇക്കാര്യത്തിൽ ഔദ്യോഗിക ഉറപ്പ് കിട്ടിയിട്ടില്ല. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ആവശ്യത്തിന് വാക്സിൻ നൽകുമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്.  കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളത്തെ അഭിനന്ദിച്ചതായും  എം.പിമാർ അറിയിക്കുന്നു.  
 

click me!