കണ്ണൂര്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍; നെടുമ്പോയിൽ ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ, ജാഗ്രതാ മുന്നറിയിപ്പ്

By Web TeamFirst Published Aug 28, 2022, 4:41 PM IST
Highlights

നെടുമ്പൊയില്‍ ചുരത്തില്‍ ഇന്നലെയും മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. ഈ ഭാഗത്ത് മൂന്നാഴ്ച മുമ്പ് ഉരുള്‍ പൊട്ടി മൂന്ന് പേരാണ് മരിച്ചത്.

കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഉരുൾപൊട്ടി.  ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. 

കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുൻപ് ഈ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമ തസ്ളീൻ എന്നിവർ മരിച്ചിരുന്നു. പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുൾ പൊട്ടലുണ്ടായത്.

ചക്രവാതചുഴി, ഉരുൾപ്പൊട്ടൽ, മലവെള്ളപ്പാച്ചിൽ; സംസ്ഥാനത്ത് വ്യാപക മഴ തുടരും; അലർട്ട് ഇങ്ങനെ

സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ മഴ സജീവമാകാൻ കാരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വടക്കൻ കേരളത്തിൽ മഴ ശക്തമാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി.

click me!