
കൊച്ചി: 10 വയസിനിടയിൽ ജീവിതത്തിലുണ്ടായ തുടർച്ചയായ പ്രഹരങ്ങളിൽ പകച്ച് നിൽക്കുകയാണ് എറണാകുളം എടവനക്കാട്ടെ വൈഗ എന്ന കുരുന്ന്. വാഹനാപകടത്തിൽ അമ്മയും പിന്നാലെ കൊവിഡ് ബാധിതനായി അച്ഛനും മരിച്ചതോടെ ജപ്തി ഭീഷണിയിലായ വീട്ടിൽ അച്ഛമ്മ മാത്രമാണ് വൈഗയ്ക്ക് കൂട്ട്. അച്ഛന്റെ മരണത്തെ തുടർന്ന് കിട്ടിയ സർക്കാർ വിഹിതം അക്കൗണ്ടിൽ ഉണ്ടെങ്കിലും ഇതിനായി 18 വയസ് വരെ കാത്തിരിക്കണം. ബാധ്യത പരിശോധിച്ച് തുക അനുവദിക്കണം എന്ന ആവശ്യം എറണാകുളം ജില്ലാ ഭരണകൂടവും പരിഗണിച്ചില്ല
ക്ലാസ്സിൽ പഠിക്കുന്ന കവിത വൈഗ വായിക്കുന്നത് കേൾക്കാൻ അച്ഛനും അമ്മയും ഇല്ല. ഫോട്ടോകളും അച്ഛമ്മ പറയുന്ന കഥകളും തന്റെ മങ്ങിയ ഓർമകളും ആണ് വൈഗയ്ക്ക് അച്ഛനും അമ്മയും. ബൈക്ക് അപകടത്തിൽ അമ്മ മരിക്കുമ്പോൾ ഈ കുഞ്ഞിന് പ്രായം 3 വയസ്. നാല് വർഷത്തിനിപ്പുറം കൊവിഡ് ബാധിതനായി അച്ഛനും പോയി. ഈ വാടക വീട്ടിൽ വൈഗയ്ക്ക് ഒപ്പം അച്ഛമ്മ റീത മാത്രം ആയി.
തീരാ നൊമ്പരത്തിനിടയിലും മുന്നോട്ട് ഒന്ന് നടന്നു തുടങ്ങിയതാണ്. ഇടിഞ്ഞു വീഴാറായ വീടിനു പകരം ലൈഫ് പദ്ധതിയിൽ വീടു പണിയും തുടങ്ങി. എന്നാൽ പെയിന്റിംഗ് തൊഴിലാളിയായിരുന്ന അച്ഛൻ ഷൈജുവിന്റെ മരണത്തോടെ നേരത്തെ ഉണ്ടായ ബാങ്ക് വായ്പ കുടിശിക ആയി. എടവനക്കാട് സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും എത്തി. 3 ലക്ഷം രൂപ അടക്കണം ചെമ്മീൻ കിള്ളിയും വീട്ടു ജോലിയെടുത്തും റീതയ്ക്കു താങ്ങാൻ ആകുന്നതല്ല ഈ ബാധ്യത.
കൊവിഡിൽ അച്ഛൻ കൂടി നഷ്ടപെട്ട കുഞ്ഞിന് കേന്ദ്ര സംസ്ഥാന വിഹിതമായി 8 ലക്ഷം രൂപ ബാങ്കിൽ ഉണ്ട്. ചട്ട പ്രകാരം ഘട്ടം ഘട്ടം ആയി 18ഉം 21ഉം വയസ്സിലാണ് ഇത് കിട്ടുക. കുഞ്ഞു കഴിയുന്ന വീടിന്റെ ബാധ്യത അറിയിച്ചു ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും നടപടി ഇല്ല. ലൈഫിൽ കിട്ടിയ വീടിന്റെ പണി പാതിവഴിയിലാണ്. ഇനി പണി പൂർത്തിയായാലും തീരില്ല ബാധ്യത.സുമനസുകൾ കനിഞ്ഞാൽ വൈഗക്കും അച്ഛമ്മക്കും സമാധാനമായി ഈ വീട്ടിൽ അന്തിയുറങ്ങാം.
വൈഗ എൻ എസ് & റീത
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
എടവനക്കാട് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 741302120002081
IFSC കോഡ് UBIN0574139
Gpay +919745053940
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam