'എന്ത് നല്‍കിയാലും കിച്ചുവിന് പകരമാവില്ല'; നൊമ്പരക്കുറിപ്പുമായി ഹെെബി ഈഡന്‍

By Web TeamFirst Published Apr 19, 2019, 5:26 PM IST
Highlights

പാലുകാച്ചലിന് ചടങ്ങിന് ശേഷം തന്‍റെ പൊതു പ്രവർത്തന കാലയളവിൽ ഇത്രയധികം മനസിനെ നൊമ്പരപ്പെടുത്തിയ ദിവസം ഉണ്ടായിട്ടില്ലെന്നാണ് ഹൈബി ഈഡൻ ഫേസ്ബുക്കില്‍ കുറിച്ചത്

കാസര്‍കോഡ്:  പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്നം ഇന്ന് യാഥാര്‍ഥ്യമായിരുന്നു. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി.

അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർഥ്യമായത്. പാലുകാച്ചലിന് ചടങ്ങിന് ശേഷം തന്‍റെ പൊതു പ്രവർത്തന കാലയളവിൽ ഇത്രയധികം മനസിനെ നൊമ്പരപ്പെടുത്തിയ ദിവസം ഉണ്ടായിട്ടില്ലെന്നാണ് ഹൈബി ഈഡൻ ഫേസ്ബുക്കില്‍ കുറിച്ചത്.

കല്ല്യോട്ടേക്ക് യാത്ര തിരിക്കുമ്പോൾ കൃപേഷിന്റേയും ശരത് ലാലിന്റെയും മുഖം മാത്രമായിരുന്നു മനസ്സിൽ. ശരത്തിന്റെ വീട്ടിൽ ആദ്യമെത്തി, അവരെ അടക്കം ചെയ്ത സ്ഥലവും സന്ദർശിച്ചാണ് കൃപേഷിന്റെ വീട്ടിലെത്തിയത്. എന്ത് നൽകിയാലും അവരുടെ കിച്ചുവിന് പകരമാകില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെയെന്നും ഹെെബി കുറിച്ചു.

ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എന്റെ പൊതു പ്രവർത്തന കാലയളവിൽ ഇത്രയധികം മനസിനെ നൊമ്പരപ്പെടുത്തിയ ദിവസം ഉണ്ടായിട്ടില്ല. കല്ല്യോട്ടേക്ക് യാത്ര തിരിക്കുമ്പോൾ കൃപേഷിന്റേയും ശരത് ലാലിന്റെയും മുഖം മാത്രമായിരുന്നു മനസ്സിൽ. ശരത്തിന്റെ വീട്ടിൽ ആദ്യമെത്തി, അവരെ അടക്കം ചെയ്ത സ്ഥലവും സന്ദർശിച്ചാണ് കൃപേഷിന്റെ വീട്ടിലെത്തിയത്.

പിന്നീട് നടന്നതെല്ലാം കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. എന്ത് നൽകിയാലും അവരുടെ കിച്ചുവിന് പകരമാകില്ല. അന്നയുടെയും ക്ലാരയുടെയും അവസ്ഥയും മറിച്ചായിരുന്നില്ല.

ചടങ്ങിൽ പങ്കെടുത്തു തിരിച്ചിറങ്ങുമ്പോൾ അന്ന എന്റെ കൈയിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. അയാൾക്ക് എന്തൊക്കെയോ എന്നോട് പറയാനുണ്ടായിരുന്നു...

രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ...

 

click me!