കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം; വിഴിഞ്ഞം വിഷയം ലോക്സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ

By Web TeamFirst Published Dec 7, 2022, 4:01 PM IST
Highlights

മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്ന ആക്ഷേപം സർക്കാർ പ്രചരിപ്പിക്കുന്നുവെന്നും ഹൈബി

ദില്ലി : വിഴിഞ്ഞം വിഷയം ലോക്സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്ന ആക്ഷേപം സർക്കാർ പ്രചരിപ്പിക്കുന്നുവെന്നും ഹൈബി കുറ്റപ്പെടുത്തി. 

വൻ വിവാദവും സംഘർഷഭരിതവുമായ വിഴിഞ്ഞം സമരം മുഖ്യമന്ത്രിയും സമരസമിതിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്നലെ പിൻവലിക്കുകയായിരുന്നു. 140 ദിവസം നീണ്ടുനിന്ന് സമരത്തിനാണ് ഇന്നലെ അവസാനമായത്. തീരശോഷണം മൂലം വീട് നഷ്ടപ്പെടുന്നവർക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. തുറമുഖ നിർമ്മാണം നിർത്തിവെക്കണം എന്നതടക്കമുള്ള തർക്ക വിഷയങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിലും ലത്തീൻ സഭ വിട്ടുവീഴ്ച ചെയ്തതാണ് സമരം തീരാൻ കാരണം.

തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്നും സമരസമിതി പിന്നോട്ട് പോയി. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. പകരം വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച ചെയ്യും. സമരസമിതി തന്നെ സ്വന്തം നിലക്ക് വിദഗ്ധസമിതിയെയും വെക്കും. പുനരധിവാസത്തിലാണ് പ്രധാന സമവായം. വീട് നഷ്ടപ്പെടുന്നവർക്ക് ഒന്നര വ‌ർഷത്തിനുള്ളിൽ പകരം ഫ്ലാറ്റ് നിർമ്മിച്ച് നൽകും. അതുവരെ പ്രതിമാസം വീട്ടുവാടക 5500 രൂപ നൽകും. അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 2500 രൂപ കൂടി നൽകാമെന്ന സർക്കാർ വാഗ്ദാനം സമരസമിതി നിരസിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതി വിലയിരുത്തും. കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും.

അതേസമയം വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച്  നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു. 

click me!