ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി

By Web TeamFirst Published May 29, 2021, 5:18 PM IST
Highlights

ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഇക്കാര്യം പറഞ്ഞത്.  എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ ലക്ഷദ്വീപിലേക്ക്  പോകാൻ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

കൊച്ചി: ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഇക്കാര്യം പറഞ്ഞത്.  എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ ലക്ഷദ്വീപിലേക്ക്  പോകാൻ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം.  ഈ സാഹചര്യത്തിൽ എം പിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്ന് വിവരം.

പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് നാളെ മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിൻ്റെ അനുമതി വേണം.  

അതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെതിരെ വിമര്‍ശനവുമായി  മുൻ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാൾ രം​ഗത്തെത്തി.   പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും അംഗനവാടികൾ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതും തെറ്റായ നടപടികളാണ്. അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിൻറെ പരാമര്‍ശം. 

പുതിയ നിയമപരിഷ്കാരങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിലാണ്. വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അമിതാധികാരം ഉപയോഗിക്കുന്നു എന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സന്‍ കത്തയച്ചു. അഡിമിനിസ്ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം   പാസാക്കിയതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേഷനെതിരെ പ്രത്യക്ഷ പോരുമായി ജില്ലാപഞ്ചായത്തും രംഗത്തെത്തിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!