കെ സുധാകരൻ പാർട്ടിക്ക് അനുകൂല തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി; 'എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ല'

Published : Mar 13, 2026, 02:19 PM IST
hibi eden, sudhakaran

Synopsis

കോൺഗ്രസ് പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം എടുക്കില്ല. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് കെ സുധാകരനെന്നും ഹൈബി ഈഡൻ പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ.

ദില്ലി: കെ സുധാകരൻ പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി. കോൺഗ്രസ് പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം എടുക്കില്ല. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് കെ സുധാകരനെന്നും ഹൈബി ഈഡൻ പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ. കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുകയാണ് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ.

രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ അടക്കമുളള നേതാക്കൾ സുധാകരനുമായി സംസാരിക്കും. നിലവിലെ വാർത്തകൾ അണികൾ ആഗ്രഹിക്കുന്നുവെന്ന് കരുതുന്നില്ല. പുതിയ ആളുകൾ സ്ഥാനാർഥികളായി വരും എന്നാണ് പ്രതീക്ഷ. എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്നും എംപിമാരെ ഏൽപ്പിച്ച ഉത്തരവാദിത്വം പാർലമെൻ്റിലാണെന്നും ഹൈബി ഈഡൻ പറഞ്ഞു.

അതേസമയം, കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻ്റ്. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി കെ സുധാകരനെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച കെ സുധാകരൻ ദില്ലിയിലേക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് ഹൈക്കമാൻ്റ് സ്വീകരിച്ചതോടെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ സുധാകരൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെ കണ്ണൂർ തന്റെ ഹൃദയരക്തമെന്ന് കുറിച്ച് എഫ്ബിയിൽ വൈകാരിക കുറിപ്പും പങ്കിട്ടു. പാർട്ടിക്ക് വേണ്ടി താൻ സഹിച്ച ത്യാഗങ്ങൾ അടക്കം എണ്ണിപ്പറ‌ഞ്ഞായിരുന്നു സുധാകരന്റെ കുറിപ്പ്. കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാനായേക്കാം, തനിക്ക് ആകില്ലെന്ന് സുധാകരൻ കുറിപ്പിൽ പറഞ്ഞു. തൊട്ടുപിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂരിലെ വീട്ടിലേക്കെത്തി. കെ സുധാകരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂർ ഡിസിസിക്ക് മുന്നിൽ പോസ്റ്ററുകൾ പതിച്ചു. സുധാകരൻ കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. ഹൈക്കമാൻ്റിന്റെ അനുനയ നീക്കത്തിൽ സുധാകരൻ വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ; 'ആചാരം സംരക്ഷിക്കണം', സുപ്രീംകോടതിയിൽ നിലപാട് തിരുത്തും
വയനാട് തുരങ്കപാത: സുപ്രീംകോടതിയിൽ സർക്കാർ നീക്കം