
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി. ഫ്ലക്സ് നിയന്ത്രണ ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഓരോ ജില്ലാ കളക്ടർമാരും ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫ്ലക്സ് ബോർഡുകൾ ഉയർത്തുന്നവർക്കെതിരെ അതാത് പരിസരത്തെ എസ്എച്ച്ഒമാർ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഫ്ലക്സ് സ്ഥാപിച്ചവരിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിഴ ഈടാക്കണം. പിടിച്ചെടുക്കുന്ന ഫ്ലക്സ് ബോർഡുകൾ പൊതുസ്ഥലങ്ങളിൽ കൂട്ടിയിടാതെ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് തന്നെ തിരിച്ച് നൽകണം. ഇത് പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിലാണ് നശിപ്പിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നടപടികളെടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥരും കേസിൽ ഉത്തരവാദികളാകുമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ കർശനമാക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഫ്ലക്സും മണ്ണിൽ അലിഞ്ഞു ചേരാത്ത സാമഗ്രികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് ഹൈക്കോടതിയും വിലക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam