യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മലയാള സര്‍വകലാശാലയിലെ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

By Web TeamFirst Published Nov 26, 2019, 6:35 PM IST
Highlights
  • മലയാള സര്‍വകലാശാലയില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. 
  • അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് വിധി. 

തിരൂര്‍: മലയാള സര്‍വകലാശാലയില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ 10 അധ്യാപക നിയമനങ്ങള്‍  ഹൈക്കോടതി റദ്ദാക്കി. 2016 -ൽ  മലയാള സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ  അധ്യാപക നിയമനങ്ങളാണ് റദ്ദാക്കിയത്. 

ഡോ. ജെയ്നി വര്‍ഗീസ്, ശ്രീജ വി, ഡോ. മഞ്ജുഷ വര്‍മ്മ, ഡോ. കെ എസ് ഹക്കീം, ഡോ. ധന്യ ആര്‍, ഡോ. ശ്രീരാജ്, ഡോ. ശ്രീജ എന്‍ ജി, ഡോ. എസ് എസ് സ്വപ്ന റാണി, വിദ്യ ആര്‍, ഡോ. സുധീര്‍ സലാം എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. അധ്യാപക നിയമനത്തിൽ പാലിക്കേണ്ട യുജിസി മാനദണ്ഡങ്ങൾ സർവകലാശാല പാലിച്ചിട്ടില്ല, അഭിമുഖ പാനൽ രൂപീകരണത്തിൽ നടത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവൻ നടപടികളിലും സർവകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകൾ എന്നിവ പരിഗണിച്ചാണ്  വിധി. 

അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളായ ഡോ.സതീഷും  മറ്റ് ഒമ്പത് പേരും നൽകിയ പരാതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഷാജി പി ചാലി ബെഞ്ചിന്‍റേതാണ് വിധി.  വാദി ഭാഗത്തിന്  വേണ്ടി അഡ്വക്കേറ്റ് എംപി ശ്രീകൃഷ്ണൻ,  അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവർ ഹാജരായി. കെ. ജയകുമാർ ഐഎഎസ് വൈസ് ചാൻസലർ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങളെല്ലാം നടന്നത്. 

നിയമനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തസ്തികകളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുന്നതിനായി വിഞ്ജാപനം പുറപ്പെടുവിക്കും. പുതിയ നിയമനങ്ങള്‍ ഉണ്ടാകുന്നത് വരെ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. 

click me!