'എടാ, എടി വിളി വേണ്ട'; പൊലീസിനോട് ഹൈക്കോടതി

By Web TeamFirst Published Sep 3, 2021, 5:46 PM IST
Highlights

'പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കാൻ പൊലീസ് പഠിക്കണം. എടാ, എടി എന്നൊന്നും ആരെയും വിളിക്കാൻ പൊലീസിന് അവകാശമില്ല'

കൊച്ചി: പെരുമാറ്റ ദൂഷ്യത്തിന് സംസ്ഥാന പൊലീസിനെതിരെ വടിയെടുത്ത് ഹൈക്കോടതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിൾ ബെഞ്ച് ഡിജിപിക്ക് നി‍ർദേശം നൽകി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ പൊലീസ് പഴികേൾക്കുന്നതിനെടെയാണ് ഹൈക്കോടതിയും കർശന നി‍ർദേശങ്ങൾ നൽകിയത്. 

പൊലീസ് പീ‍ഡനമാരോപിച്ച് ചേർപ്പ് സ്വദേശിയായ കടയുടമ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ. പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കാൻ പൊലീസ് പഠിക്കണം. എടാ, എടി എന്നൊന്നും ആരെയും വിളിക്കാൻ പൊലീസിന് അവകാശമില്ല. മാന്യമായ പെരുമാറ്റമുണ്ടാകണം. പൊലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥ നേതൃത്വത്തിന് ബാധ്യതയുണ്ട്. കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ‍ഡിജിപി സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ പരാതികൾ കിട്ടിയാൽ പരിശോധിക്കുമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഡിജിപി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!