താമരശേരി ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം

Published : Jun 04, 2025, 03:16 PM ISTUpdated : Jun 04, 2025, 04:06 PM IST
താമരശേരി ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം

Synopsis

ഷഹബാസ് വധക്കേസ് പ്രതികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ  കുറ്റാരോപിതരായ വിദ്യാ‍ർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്സ‍ർവേഷൻ ഹോമിൽ കഴിയുന്ന ഇവർക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയിൽ എത്തിയത്.

പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പ്രതികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. താമരശേരിയിൽ വിദ്യാർഥിയായിരുന്ന ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ഷഹബാസ് കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും. പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ ആരോപണത്തിൽ ഈ അന്വേഷണത്തിൽ വ്യക്തത വരും.

മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ