Civic Chandran Case: സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം; കോഴിക്കോട് സെഷൻസ് ജഡ്ജിന്റെ സ്ഥലംമാറ്റം റദ്ദാക്കി

Published : Nov 02, 2022, 12:16 PM ISTUpdated : Nov 02, 2022, 12:20 PM IST
Civic Chandran Case: സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം; കോഴിക്കോട് സെഷൻസ് ജഡ്ജിന്റെ സ്ഥലംമാറ്റം റദ്ദാക്കി

Synopsis

ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ എടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്

കൊച്ചി: കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ എടുത്ത നടപടിയാണ് റദ്ദാക്കിയത്. സ്ഥലംമാറ്റത്തിനെതിരെ സെഷൻസ് ജഡ്ജ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് എസ്.കൃഷ്ണകുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മൊഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞയാഴ്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് ഇരു വിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ്.കൃഷ്ണകുമാറിന്‍റെ വാദം. മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ്.കൃഷ്ണകുമാർ വാദിച്ചു.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു സെഷൻസ് ജഡ്ജിന്റെ വിവാദ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ പീഡനത്തിന് ഇരയായ യുവതി നൽകിയ പരാതിയിലാണ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിയത്. വിവാദ പരാമർശം നേരത്തെ ഹൈക്കോടതി ഉത്തരവിൽ നിന്ന് നീക്കിയിരുന്നു.
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം