ഒരു വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിൽ മോചിതയാവുന്നു: എൻഐഎ കേസിൽ ജാമ്യം നൽകി ഹൈക്കോടതി

Published : Nov 02, 2021, 02:33 PM ISTUpdated : Nov 02, 2021, 04:54 PM IST
ഒരു വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിൽ മോചിതയാവുന്നു: എൻഐഎ കേസിൽ ജാമ്യം നൽകി ഹൈക്കോടതി

Synopsis

ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം. 

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന് (Swapna suresh) ജാമ്യം അനുവദിച്ച് ഹൈക്കോടതി (Kerala Highcourt). നയതന്ത്ര ബാഗിലൂടെയുടെയുളള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയടക്കം ഏഴു പ്രതികളുടെ  ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വപ്ന സുരേഷ് , പി.ആർ.സരിത്, റമീസ്, ജലാൽ, റബിൻസ്, ഷറഫുദീൻ, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇവരിൽ സ്വപ്ന സുരേഷിന് മാത്രമേ ജയിലിൽ നിന്നും പുറത്തു പോകാനാവൂ. മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തും കോഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂർത്തിയാവാത്തതുമാണ് മറ്റു പ്രതികളുടെ ജയിൽ മോചനത്തിന് തടസ്സമാവുക. സ്വപ്നയ്ക്ക് നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 

എൻഐഎ കേസിൽ മാത്രമാണ് സ്വപ്നയ്ക്ക് ജാമ്യം കിട്ടാനുണ്ടായിരുന്നത്. ഇപ്പോൾ ആ കേസിൽ കൂടി ജാമ്യം കിട്ടിയതോടെ സ്വപ്നയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങും. കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ. 

അതേസമയം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി സ്വപ്നയ്ക്ക് ജയിലിൽ നിന്നുമിറങ്ങാൻ സമയമെടുക്കും. എൻഐഎ കേസ് കൂടാതെ കസ്റ്റംസ്, ഇഡി കേസുകളിലെ ജാമ്യവ്യവസ്ഥകളും കൂടി പൂർത്തിയാക്കി മാത്രമേ സ്വപ്നയ്ക്ക് ജയിൽ വിടാനാവൂ. ഹൈക്കോടതി ഉത്തരവിൻ്റെ വിശദമായ പകർപ്പ് കിട്ടിയാൽ മാത്രമേ എൻഐഎ കേസിലെ ജാമ്യവ്യവസ്ഥ വ്യക്തമാവൂ. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. 

സാമ്പത്തിക തീവ്രവാദത്തിന്‍റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികൾക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക  അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ വാദം തള്ളിയാണ് ഇപ്പോൾ പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. 

ജയിൽ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും അവർക്ക് പറയാനുള്ളതെല്ലാം പറയുമെന്നും സ്വപ്നയുടെ മാതാവ് പ്രഭാ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ ചിലർ ചേർന്ന് കുടുക്കിയതാണെന്നാണ് സ്വപ്ന ജയിലിൽ വച്ചു കണ്ടപ്പോൾ സ്വപ്ന പറഞ്ഞതെന്നും മാതാവ് പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു