
കൊച്ചി: കെഎസ്ആർടിസിയില്‍ ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആർടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയത്. നേരത്തെ കോടതി മുഴുവൻ എം പാനൽ ഡ്രൈവർമാരെയും ഏപ്രിൽ മുപ്പതിനകം പരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു. ഇവരെയാണ് കെഎസ്ആർടിസി ജൂലൈ ഒന്ന് മുതൽ ദിവസക്കൂലി അടിസ്ഥാനത്തിൽ വീണ്ടും ഡ്രൈവർമാരായി നിയമിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം. എന്നാൽ സ്ഥിരം നിയമനം നൽകുന്നത് കെഎസ്ആർടിസിയ്ക്ക് വൻ ബാധ്യതയുണ്ടാക്കുമെന്നായിരുന്നു കെഎസ്ആർടിസി നിലപാട്. ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കോടതി ഉത്തരവനുസരിച്ച് 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി നേരത്തെ പിരിച്ചുവിട്ടിരുന്നു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാര്‍ക്ക് പിന്നാലെയാണ് എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam