
കൊച്ചി: മാസപ്പടി കേസിൽ ഇഡി നല്‍കിയ കത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. ഇരുവര്‍ക്കുമെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നടപടി. മുദ്രവെച്ച കവറില്‍ ഇഡി സമര്‍പ്പിച്ച തെളിവുകളും നിര്‍ണായകമായി.
ഇഡി കത്തില്‍ എഫ് ഐ ആര്‍ ഇടാതെ പ്രാഥമിക അന്വേഷണം തുടരുന്നതിനിടെയാണ് അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. കണ്‍മുന്നില്‍ അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രഥാമിക അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്‍റ തീരുമാനത്തെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. ഇതിനൊപ്പം കോടതിയില്‍ മുദ്രവെച്ച കവറില്‍ ഇഡി സമര്‍പ്പിച്ച കണ്ടെത്തലുകളും നിര്‍ണായകമായി.
ഇഡി അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളുടെയും ഹവാല കൈമാറ്റത്തിന്‍റെയും വിദേശയാത്രയുടെയുമെല്ലാം തെളിവുകള്‍ ലഭിച്ചിരുന്നു. ഇതെല്ലാം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഇവ പൊലീസിന് കൈമാറിയിട്ടും കേസെടുക്കുന്നില്ലെന്ന് വാദിച്ചു. തിരിച്ചറിയാവുന്ന കുറ്റകൃത്യം നടന്നാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും ഇനിയൊരു പ്രാഥമിക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കോടതിയെ ബോധിപ്പിച്ചു. രേഖകള്‍ മുന്‍നിര്‍ത്തിയുള്ള വാദത്തിനൊടുവിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍റെ ഉത്തരവ്. അഴിമതി തടയില്‍ നിയമപ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി ഇസിഐആറും ഇടും. സാധാരണ പത്ത് ദിവസമാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇഡി എടുക്കുന്ന സമയമെങ്കില്‍ ഈ കേസില്‍ വിവരങ്ങളെല്ലാം ഇഡിക്ക് മുന്നില്‍ ഉള്ളതിനാല്‍ ഏത് നിമിഷവും തുടര്‍ നടപടികളുണ്ടാകാം.
പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്ന ഉത്തരവിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. നിയമപരമായും രാഷ്ട്രീയപരമായും സിപിഎം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി എല്ലാം പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ബിജെപിയുടെ തല തൊട്ടപ്പന്മാരും ഉണ്ട്. അപ്പോൾ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam