സൂരജ് പാലാക്കാരന് മുൻകൂർ ജാമ്യമില്ല, എസ്‍സി-എസ്‍ടി വകുപ്പ് നിലനിൽക്കുമെന്നും ഹൈക്കോടതി

Published : Jul 26, 2022, 11:00 AM ISTUpdated : Jul 26, 2022, 11:14 AM IST
സൂരജ് പാലാക്കാരന് മുൻകൂർ ജാമ്യമില്ല, എസ്‍സി-എസ്‍ടി വകുപ്പ് നിലനിൽക്കുമെന്നും ഹൈക്കോടതി

Synopsis

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 

ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് ഉത്തരവിലുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.

കേസെടുത്തതിന് പിന്നാലെ പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി.സുകുമാർ എന്ന സൂരജ് പാലാക്കാരൻ ഒളിവിൽ പോയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ്‍സി-എസ്‍ടി അട്രോസിറ്റി ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ അവതരിപ്പിക്കുകയായിരുന്നു സൂരജ് പാലാക്കാരൻ.

വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച്  ക്രൈം പത്രാധിപർ  നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടു. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാലുലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും പരാതി നൽകിയതും.
 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും