
കൊച്ചി: ജപ്തിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസിൽ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് ഡിവിഷൻ ബഞ്ച് പ്രീതാ ഷാജിയ്ക്കെതിരെ കോടതയിലക്ഷ്യ നടപടി തുടങ്ങിയത്.
പ്രീതാ ഷാജിക്ക് നിർബന്ധിത സമൂഹ്യസേവനത്തിനുള്ള ശിക്ഷ നൽകുന്നതിനാണ് കോടതി ആലോചിക്കുന്നത്. പ്രീതക്ക് എന്തൊക്കെ ജോലികൾ നൽകാമെന്നത് സംബന്ധിച്ച റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നതെന്നും കോടതി വിമർശിച്ചു. കോടതി വിധി നഗ്നമായി ലംഘിച്ച പ്രീത തക്കതായ ശിക്ഷ അനുഭവിക്കണം.
കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ അർത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷ എന്ന നിലയിൽ പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam