വിദേശ ട്രോളറുകള്‍ സംബന്ധിച്ച നയം വ്യക്തമാക്കിയില്ല: ഫിഷറീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

By Web TeamFirst Published May 22, 2019, 12:04 PM IST
Highlights

മാർച്ച് 31 ന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടതല്ലേയെന്ന് ചോദിച്ച കോടതി  കാരണം വ്യക്തമാക്കണമെന്ന് ഫിഷറിസ് കമ്മീഷണറോട് ആവശ്യപ്പെട്ടു

കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഫിഷറീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം. വിദേശ ട്രോളറുകളുടെ ഉപയോഗം വഴി വൻതോതിലുള്ള സാമ്പത്തിക നഷ്ടമാണ്  ഉണ്ടാകുന്നതെന്ന് ആരോപിച്ച് കൊല്ലം സ്വദേശി നല്‍കിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. ഹർജിയിൽ റിപ്പോർട്ട് നൽകാത്തതിൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.

മാർച്ച് 31 ന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടതല്ലേയെന്ന് ചോദിച്ച കോടതി  കാരണം വ്യക്തമാക്കണമെന്ന് ഫിഷറിസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.  കാർഷിക മന്ത്രാലയത്തിലെ ഫിഷറീസ് വികസന കമ്മീഷണർ പോൾ പാണ്ഡ്യൻ ഹൈക്കോടതിയിൽ ഹാജരായി. സംഭവത്തില്‍ പോള്‍ പാണ്ഡ്യന്‍ കോടയില്‍ മാപ്പ് അപേക്ഷ സമര്‍പ്പിച്ചു.

വകുപ്പുകൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയ്യാറാകുന്നതിൽ കാലതാമസം നേരിട്ടുവെന്ന് പോൾ പാണ്ഡ്യന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.  കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്ന മറ്റന്നാളും പോൾ പാണ്ഡ്യൻ കോടതിയില്‍ ഹാജരാകണം.

click me!