'നിശ്ചയദാര്‍ഢ്യം വേണം'; ഫ്ലെക്സ് നിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

By Web TeamFirst Published Jul 17, 2019, 1:48 PM IST
Highlights

ഫ്ലെക്സ് നിരോധനം നടപ്പാക്കാൻ സർക്കാരിന് നിശ്ചയദാർഢ്യം വേണം. ഇങ്ങനെ പോയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.
 

കൊച്ചി: ഫ്ലെക്സ്ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫ്ലെക്സ് നിരോധനം നടപ്പാക്കാൻ സർക്കാരിന് നിശ്ചയദാർഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.

ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഉത്തരവുകൾ പുറപ്പെടുവിച്ച് മടുത്തു. വെറുതെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഇനിയാകില്ല. സർക്കാരിന് വേണമെങ്കിൽ ഒരു മിനിറ്റ് കൊണ്ട് ഉത്തരവ് നടപ്പാക്കാൻ കഴിയും. എന്തുകൊണ്ട് റവന്യു റിക്കവറി നടപടികൾ സ്വീകരിക്കുന്നില്ല എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണ് ഇനിയും മറുപടി എന്നായിരുന്നു കോടതിയുടെ പ്രതികരണം. നിരോധന ഉത്തരവുണ്ടായിട്ടും ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്.  ആളുകൾക്ക് എന്തും ചെയ്യാം എന്ന സ്ഥിതിയാണിപ്പോള്‍. സർക്കാർ അതിനു കൂട്ടുനിൽക്കുകയാണ്. കോടതി ചെയ്യുന്നത് തെറ്റാണ് എന്ന് പറയാൻ സാധിക്കുമോ? അങ്ങനെയാണെങ്കില്‍ ഈ കേസിൽ ഇടപെടാതിരിക്കാം എന്നും ഹൈക്കോടതി പറഞ്ഞു. 

അനധികൃത ഫ്ലെക്സ് സ്ഥാപിച്ചാൽ ഫൈൻ ഈടാക്കാൻ സര്‍ക്കാരിന് കോടതി കർശന നിർദ്ദേശം നല്‍കി. പ്രിൻസിപ്പൽ  സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ നടപടി സ്വീകരിക്കണം. ഫ്ലെക്സ് സ്ഥാപിക്കുന്നവരിൽ നിന്ന് 5000 രൂപ മുതൽ 10000 രൂപ വരെ സര്‍ക്കാരിന് ഫൈൻ ഈടാക്കാം. ഫൈൻ അടച്ചില്ലെങ്കില്‍ സ്വത്ത്‌ കണ്ടുകെട്ടണം. ഫ്ലെക്സ് സ്ഥാപിച്ച കമ്പനികളുടെ ലൈസൻസ് പുതുക്കി നൽകരുത്. എന്ത് നടപടികൾ സ്വീകരിച്ചു എന്ന് ഇനി കേസ് പരിഗണിക്കുമ്പോൾ  സർക്കാർ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും. 

click me!