
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഉയർന്ന ഫീസിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ടിസി വാങ്ങിയ പോയ വിഷയത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ചു. വിദ്യാർത്ഥിയെ തിരികെ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. ഫീസ് ഘടനയിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫീസ് ഘടനയിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നിൽ ഇരിക്കുന്ന വിഷയമായതിനാലാണ് കൂടുതൽ ഇടപെടാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഭാരിച്ച ഫീസ് താങ്ങാനാവാതെ പഠനം ഉപേക്ഷിച്ചതെന്ന് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ടി സി വാങ്ങിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി അര്‍ജുന്‍ വ്യക്തമാക്കുന്നു. ഫീ മൂന്നിരട്ടി കൂട്ടിയത് കാരണം പല വിദ്യാര്‍ത്ഥികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അര്‍ജുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അര്‍ഹതയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എജുക്കേഷന്‍ ഗ്രാന്‍ഡ് ആനുകൂല്യം ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടുന്നെന്നും അര്‍ജുന്‍ ചൂണ്ടിക്കാട്ടുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തൃശ്ശൂര്‍, തിരുവനന്തപുരം കാസര്‍കോട് വയനാട് ജില്ലകളിലുള്ള കോളേജുകളിലെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്സുകള്‍ക്കായിരുന്നു വന്‍ ഫീസ് വര്‍ധന. നേരത്തെയുള്ള ഫീസ് ഘടനയില്‍ നിന്നും മൂന്നിരട്ടി ഫീസ് വര്‍ധിപ്പിച്ച കാര്യം അപേക്ഷിക്കുന്ന സമയത്ത് പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് കുട്ടികള്‍ പറയുന്നു. അടുത്ത ദിവസം ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ഭാരിച്ച ഫീസിനെക്കുറിച്ച് കുട്ടികള്‍ മനസിലാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബിഎസ് സി അഗ്രിക്കള്‍ച്ചറിന് 11450 തായിരുന്നു ഒരു സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്. രണ്ട് സെമസ്റ്റുകറുളായി ഒരു വർഷം മറ്റെല്ലാ ചെലവുകളുമടക്കം ഒരു വിദ്യാര്‍ത്ഥി അടച്ചിരുന്നത് മുപ്പതിനായിരം രൂപ മാത്രം. എന്നാല്‍ പുതുക്കിയ ഫീസ് ഘടനപ്രകാരം സെമസ്റ്റര്‍ ഫീസ് 36000 രൂപയായി. കോഷന്‍ ഡെപ്പോസിറ്റ്, ലൈബ്രറി ഫീസ് തുടങ്ങിയുള്ള എല്ലാ ഫീസുകളും 200 ശതമാനത്തിലധികം കൂട്ടി.
വര്‍ഷം എല്ലാ ചെലവുകളുമടക്കം ഒരാള്‍ക്ക് ഒരു ലക്ഷത്തോളം രൂപ വരെ ചിലവ് വരും. നാലുവര്‍ഷ കോഴ്സ് പൂര്‍ത്തിയാകുമ്പോഴേക്ക് നാലര ലക്ഷത്തോളം രൂപ ഫീസിനത്തില്‍ വരും. ഭാരിച്ച ഫീസ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പഠനം ഉപേക്ഷിച്ച കുട്ടി അടച്ച ഫീസ് തിരിച്ചു കിട്ടുന്ന ഇ ഗ്രാന്റ് ആനുകൂല്യത്തിന് അര്‍ഹനാണ്. പക്ഷെ ഈ ഗ്രാന്റ് ആനുകൂല്യം കിട്ടണമെങ്കിലും അഡ്മിഷന്‍ ഫീസും ആദ്യ സെമസ്റ്റര്‍ ഫീസും അടയ്ക്കണം. പിന്നീട് ഫീസ് അട യ്ക്കേണ്ട എന്നതാണ് വ്യവസ്ഥയെങ്കിലും അപേക്ഷിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഈ ആനുകൂല്യം അനന്തമായി വൈകുകയാണ്. ഇക്കാര്യത്തില്‍ ഒരുറപ്പും ഇല്ലാത്തതു കൊണ്ടാണ് ടിസി വാങ്ങിയതെന്നും അര്‍ജുന്‍ പറഞ്ഞു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് കാര്‍ഷിക സര്‍വകലാശാല സര്‍വകലാശാല ഫീസ് കൂട്ടിയത്. ഇതിനെതിരെ നേരത്തെ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നിരുന്നു.