
തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരികൊമ്പനെ പിടികൂടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നത തലയോഗം ചേരും. മൂന്നാർ വനം വകുപ്പ് ഓഫീസിൽ മൂന്ന് മണിക്കാണ് യോഗം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം.
അരിക്കൊമ്പനെ പിടിക്കാൻ തീരുമാനിച്ച ഇരുപത്തിയഞ്ചാം തിയതി നിരോധനാജ്ഞ ഏർപ്പെടുത്തുന്നതിന്റെ തീരുമാനവും യോഗം കൈക്കൊള്ളും. 24 ന് മോക്ക് ഡ്രിൽ നടത്തിയ ശേഷം 25 ന് ആനയെ മയക്ക് വെടി വെക്കാനാണ് നിലവിലെ തീരുമാനം. ആദ്യ ശ്രമം വിജയിച്ചില്ലെങ്കിൽ 26ാം തിയതി വീണ്ടും ശ്രമിക്കും. വയനാട്ടിൽ നിന്ന് ഒരു കുങ്കിയാന കൂടി നാളെ ഇടുക്കിയിലേക്ക് യാത്ര തിരിക്കും. മറ്റ് രണ്ട് കുങ്കിയാനകളും അവശേഷിക്കുന്ന ദൗത്യ സംഘാംഗങ്ങളും അടുത്ത ദിവസം ഇടുക്കിയിലെത്തും. ജില്ലാകളക്ടർ , ജില്ലാ പൊലീസ് മേധാവി, ഡി.എം.ഒ, തുടങ്ങി വിവിധ വകുപ്പ് മേധാവികളും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ്മാരുൾപ്പെടെയുള്ള ജനപ്രതിനിധികളും ദൗത്യ സംഘ തലവൻ ഡോ.അരുൺ സക്കറിയയും യോഗത്തിൽ പങ്കെടുക്കും. ആനയെ പിടി കൂടി മാറ്റാനായില്ലെങ്കിൽ ജി എസ് എം കോളർ ഘടിപ്പിക്കാനാണ് വനം വകുപ്പിന്റെ നീക്കം.
സിമൻ്റ് പാലത്തിന് സമീപം മുമ്പ് അരിക്കൊമ്പൻ മൂന്നു തവണ തകർത്ത വീട്ടിൽ താൽക്കാലിക റേഷൻ കടക്കൊപ്പം താമസമുള്ള വീടും സജ്ജീകരിച്ച് ഇവിടേക്ക് ആനയെ ആകർഷിക്കാനാണ് വനംവകുപ്പിൻ്റെ ആലോചന. അരിക്കൊമ്പൻ്റെ സ്ഥിരം സഞ്ചാര പാതയിലാണ് ഈ വീട്. ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാടെത്തിക്കുന്നതിനുള്ള പദ്ധതികളെല്ലാം വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് വനംവകുപ്പിന് വെല്ലുവിളിയാകുന്നത്.
Read Also: കാട്ടാനകളെ തുരത്തിയില്ലെങ്കിൽ ദേശിയ പാത ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി കല്ലാറിലെ കര്‍ഷകര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam