
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ആംബുലൻസിന്റെ അമിത വേഗതയെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രാഥമിക നിഗമനം. ആംബുലൻസ് ഡ്രൈവർമാർക്ക് വിപുലമായ പരിശീലനം സംഘടിപ്പിക്കുമെന്നും റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
പാലക്കാടിനെ ഒന്നാകെ നടുക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റിയിലെ ആക്സിഡൻ്റ് ഡാറ്റ വിഭാഗം ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അപകടം നടന്ന തണ്ണിശ്ശേരിയിലെത്തിയ സംഘം, പൊലീസ്, മോട്ടോർ വാഹന വകുപ്പ് , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അമിതവേഗവും റോഡിന്റെ ഘടനയും അപകടത്തിന് കാരണമായതായാണ് പ്രാഥമിക നിഗമനം. മുൻകരുതലുകളെടുത്തിട്ടും ആംബുലൻസുകൾ അപകടത്തിൽപ്പെടുന്നത് തടയാൻ കൂടുതൽ നടപടികൾ ഉടനെടുക്കും. ബോധവത്കരണത്തിനൊപ്പം പരിശീലനവും റോഡ് സേഫ്റ്റി അതോറിറ്റി ലക്ഷ്യമിടുന്നു.
റോഡിന്റെ വീതികൂട്ടി ഘടന മാറ്റുന്നതുൾപ്പെടെയുളള കാര്യങ്ങൾ നിർദ്ദേശമായി റോഡ് സേഫ്റ്റി അതോറിറ്റി സമർപ്പിക്കും. അമിതവേഗതയിലായിരുന്ന ആംബുലൻസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ആംബുലൻസ് ഡ്രൈവറുടെ ജാഗ്രതക്കുറവ് അപകടത്തിനിടയാക്കിയെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിരുന്നു. കൊടുവായൂർ തണ്ണിശേരിക്കു സമീപം ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
നെന്മാറ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സുധീർ (39), പട്ടാമ്പി സ്വദേശികളായ നാസർ (45), സുബൈർ (39), ഫവാസ് (17), ഷാഫി (13), ഉമർ ഫാറൂഖ് (20), അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam