
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്
ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല. ഈ നയത്തില്‍ പുനരാലോചനയില്ലെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തരൂരിന്‍റെ മോഹം മുളയിലേ നുള്ളിക്കളയുകയാണ് . കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. മുഖ്യമന്ത്രി ചര്‍ച്ച പിന്നീട്. തരൂരിനുള്ള പ്രതികരണമായി നിലപാട് ഓര്‍മ്മിപ്പിക്കുന്ന നേതൃത്വം സംസ്ഥാനത്തെ മുഖ്യമന്ത്രി പദ മോഹികള്‍ക്കുള്ള സന്ദേശം കൂടിയാണ് നല്‍കുന്നത്. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് തീരുമാനം. അതിനപ്പുറം ആര്‍ക്കും പ്രത്യേക റോള്‍ നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. തരൂരിന്‍റെ അഭിമുഖത്തെയും തള്ളിക്കളയാനാണ് തീരുമാനം.വിഷയം നയപരമായി അവതരിപ്പിച്ച് തരൂരിനെയും പിണക്കുന്നില്ല.
അഭിമുഖത്തിന്‍റെ പശ്ചാത്തലവും ഉള്ളടക്കവും സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും കെ സി വേണുഗോപാല്‍ സംസാരിച്ചു. വിവാദത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് വക്താക്കളടക്കം ദേശീയ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദില്ലിയിലുള്ള തരൂര്‍ അഭിമുഖ വിവാദത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ ചില നേതാക്കളുമായി തരൂര്‍ ആശയവിനിമയം നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് തയ്യാറാക്കിയ അഭിമുഖമാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നതെങ്കിലും, അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ തരൂര്‍ തയ്യാറാകുന്നില്ല. ഈ കലഹം ഗുണം ചെയ്യില്ലെന്നറിയാമെങ്കിലും നിലപാടില്‍ ഒരു മാറ്റവുമില്ലെന്നാണ് തരൂരിന്‍റെ നിശബ്ദത വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam