
കൊച്ചി: കൊച്ചിയിൽ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും.
ഖരമാലിന്യ സംസ്കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങൾ, പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോർട്ട് കലക്ടർമാർ നൽകണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോർട്ട് ഹൈക്കോടതി പരിശോധിക്കും. ഭാവിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്കരണ സൗകര്യം രൂപകൽപ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിർദേശിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി. വിനു, എസ്. വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam