കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ല; കടിഞ്ഞാണിട്ട് ഹൈക്കോടതി

By Web TeamFirst Published Jul 15, 2020, 2:20 PM IST
Highlights

10 പേർക്ക് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാം എന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം കേന്ദ്രനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. 10 പേർക്ക് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാം എന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം കേന്ദ്രനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകി എന്ന് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചിരുന്നു. 

Also Read: 'കൊവിഡ് കാലത്ത് സമരം നിരോധിക്കണം, ചട്ടം ലംഘിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണം', ഹൈക്കോടതിയിൽ

രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹർജിക്കാര്‍ ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ വന്നെങ്കിലും പലയിടങ്ങളും ഇന്നും കണ്ടെയിന്‍മെന്‍റ് സോണുകളാണ്. രോഗവ്യാപനം വലിയ തോതിൽ ഉയരുന്നു. ഈ രീതിയിൽ രോഗവ്യാപനമുണ്ടായാൽ സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനമെത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കൊവിഡിന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ രീതിയിൽ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പലയിടത്തും പൊലീസിനും സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ‍് വ്യാപനമുണ്ടാക്കാനിടയാക്കുമെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.

click me!