
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായി ചുമത്തിയ പോക്‌സോകേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്. കുട്ടികളിലെ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് സദുദ്ദേശ്യത്തോടെ നല്‍കിയ വാര്‍ത്തയല്ലേ അതെന്ന്ഹൈക്കോാടതി ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ ചുമത്തിയ പോക്‌സോ കേസില്‍ വിചാരണാ നടപടികള്‍ കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിസ്താരമടക്കം കേസിലെ മുഴുവന്‍ തുടര്‍നടപടികളും രണ്ടുമാസത്തേക്ക് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു.കേരളത്തിലെ മയക്കുമരുന്നു വ്യാപനത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റിയും സദുദ്ദേശ്യത്തോടെ നല്‍കിയ വാര്‍ത്തയല്ലേ ഇതെന്ന്കോടതി ആരാഞ്ഞു. 'കുറ്റകൃത്യം സ്ഥാപിക്കുന്ന രംഗങ്ങള്‍ ആളെ മാറ്റി ചിത്രീകരിച്ചു നല്‍കി' എന്ന പ്രോസിക്യൂഷന്‍ ആരോപണത്തെയും കോടതി വാക്കാല്‍ പരിഹസിച്ചു. അങ്ങനെയെങ്കില്‍ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. 'അതിലെങ്ങനെയാണ് പോക്‌സോ കുറ്റങ്ങള്‍ ബാധകമാകുക എന്നും കോടതി ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിഭാഷകനായ ബി രാമന്‍ പിളള അറിയിച്ചപ്പോള്‍'അങ്ങനെ തോന്നുന്നു' എന്നായിരുന്നു കോടതിയുടെ വാക്കാലുളള മറുപടി. ഇത്തരമൊരു കേസ് ഫ്രെയിം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയോ എന്ന് പൊലീസിനോടായി ജസ്റ്റീസ് എ ബദറുദ്ദീന്‍ ചോദിച്ചു. സമൂഹത്തിന് മുന്നറിയിപ്പാവുക എന്ന ഉദ്ദേശമല്ലേ വാര്‍ത്തയ്ക്ക് ഉണ്ടായിരുന്നത് എന്നും കോടതി ചോദിച്ചു.
ഏഷ്യാനെറ്റ്ന്യൂസ് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ച കോടതി മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലായിരുന്നു കോഴിക്കോട് വെളളയില്‍ പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് എടുത്തിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam