'ശമ്പളം കൊടുത്തിട്ട് ചർച്ചക്ക് വിളിക്കൂ'; കെഎസ്ആർടിസി പ്രതിസന്ധിയിൽ അമർഷം പ്രകടിപ്പിച്ച് ഹൈക്കോടതി

By Web TeamFirst Published Aug 17, 2022, 2:16 PM IST
Highlights

കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും  തൊഴിലാളികൾക്ക് ശമ്പളം നൽകണം.ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി.ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും   തൊഴിലാളികൾക്ക് ശമ്പളം നൽകണം.ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആർ ടി.സി ജീവനക്കാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.ഹർജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ-ഗതാഗതമന്ത്രിമാർ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.  12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായില്ല.   60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന  നിർദേശത്തിലും തീരുമാനമായില്ല.  യൂണിയൻ നേതാക്കൾക്ക്  സ്ഥലംമാറ്റമുൾപ്പടെയുള്ളവയിൽ നിന്നുള്ള സംരക്ഷണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവും പ്രതിഷേധത്തിലാണ്. നിലവിൽ 329 പേർക്കാണ് ഇത്തരത്തിൽ സംരക്ഷണമുള്ളത്.    ശമ്പളം കൃത്യമായി നൽകുന്നതിലും കാര്യമായ തീരുമാനങ്ങളുണ്ടായില്ല. നാളെ വീണ്ടും ചർച്ച നടക്കും. 

കെഎസ്ആർടിസിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും  സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്.. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആർ ടി സി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ രൂക്ഷ വിമര്‍ശനം

 

click me!