കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി, ആ‌ർഎസ്എസിന്‍റെ നാവായി റോജി എം ജോൺ മാറിയെന്ന് എസ്എഫ്ഐ

Published : Aug 14, 2026, 06:34 PM IST
SFI Protest

Synopsis

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ തള്ളി. മന്ത്രി ആർഎസ്എസ്സിന്‍റെ നാവായി മാറിയെന്ന് എസ്എഫ്ഐ. സമരത്തിൽ, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് വിസി സിസ തോമസും ആരോപിച്ചു

കൊച്ചി: കാലടി സർവ്വകലാശാലയിലെ എസ് എഫ് ഐ സമരത്തെ തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പത്ത് വർഷക്കാലം എസ് എഫ് ഐ എവിടെയായിരുന്നുവെന്നും ഈ സമരത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കില്ലെന്നും മന്ത്രി പറഞ്ഞു. തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കൈയ്യേറ്റം ചെയ്യാനാണ് എസ് എഫ് ഐ പ്രവർത്തക‍ർ ശ്രമിച്ചതെന്നും പരിഹാരം നടപ്പാക്കാൻ സമരക്കാർ അനുവദിക്കുന്നില്ലെന്നും വി സി സിസ തോമസ്സും പ്രതികരിച്ചു. റോജി എം ജോൺ ആർ എസ് എസിന്റെ നാവായെന്നും വിദ്യാർത്ഥികൾ വിസിക്ക് റീത്ത് വെച്ച് പ്രതിഷേധിച്ചെന്ന ആരോപണം തെറ്റെന്നും എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്‍റ് ആദർശ് എം സജി അഭിപ്രായപ്പെട്ടു.

വിശദവിവരങ്ങൾ

സർവ്വകലാശാലയിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, കുടിവെള്ളം പോലും മലിനമാകുന്നു, ഗ്രാന്റുകൾ അനുവദിക്കുന്നതിലും കാലതാമസം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി 25 ദിവസമായി സർവകലാശാലക്കുള്ളിൽ എസ് എഫ് ഐ നടത്തിയ സമരത്തിന്റെ മാനം മാറിയത് ഇന്നലെയായിരുന്നു. വിദ്യാർത്ഥികളും വി സിയും നേർക്ക് നേർ വന്നതോടെ സർവകലാശാലയിൽ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ ഉണ്ടായ വാക് തർക്കം കൈയ്യാങ്കളിയിലെത്തി. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും വി സി സിസ തോമസ്സ് തയ്യാറാകുന്നില്ലെന്ന് എസ് എഫ് ഐ ആരോപിച്ചു. ഇതിനിടെ ഡ്രാമ വിഭാഗത്തിലെ കുട്ടികൾ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെന്നതിന്റെ പ്രതിഷേധ സൂചകമായി ഉപകരണങ്ങളിൽ റീത്ത് വെച്ചു. ഇതിന് പിന്നാലെ എസ് എഫ് ഐ, വിസിക്ക് റീത്ത് വെച്ചെന്ന പ്രചാരണം ഒരു വിഭാഗം തുടങ്ങി. ഇതോടെയാണ് സമരത്തെയും സമരരീതിയെയും നിശിതമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചത്. അതേസമയം പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ ജോലി ചെയ്യാൻ പോലും പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്നുമാണ് താത്കാലിക വി സി സിസ തോമസ് പറയുന്നത്. വി സിക്ക് റീത്ത് വെച്ചെന്ന പ്രചാരണം എസ് എഫ് ഐ പൂർണ്ണമായി തള്ളി. വിദ്യാർഥികളെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും വിമർശനം. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ നടക്കുന്ന സമരം വലിയ തോതിൽ ശ്രദ്ധനേടുകയാണ്. വർഷങ്ങളായി സ്ഥിരം വി സി ഇല്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും ഉള്ള സർവകലാശാല സംവിധാനമാണ് ഇവിടെയുള്ളത്. രാഷ്ട്രീയ പോരായി മാത്രം വിഷയം ചുരുങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് വിദ്യാർഥികളാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മല്ലികാർജുൻ ഖാർഗെക്കെതിരെ നടന്നത് ജാതീയ അധിക്ഷേപം, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെസി വേണുഗോപാൽ; രാഹുലിന്‍റെ ആലിംഗന വിവാദത്തിലും മറുപടി
കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്ഐ; മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം