
തിരുവനന്തപുരം : ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാര്‍ഥികളുടെ ആവശ്യത്തിന് പൂർണപിന്തുണയെന്ന് എംഎസ്എഫ്. ന്യായമായ ആവശ്യമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ഒരു കൂട്ടം എംബിബിസ് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്ത് വന്നത്. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. കത്തിൽ 2018, 2021, 2022 ബാച്ചിലെ 7 വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്.
ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്; ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ
എന്നാൽ ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കണമെന്ന എംബിബിസ് വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തെത്തി. തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സ്ക്രബ് ജാക്കറ്റുകളാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷൻ തിയറ്ററുകളിൽ ധരിക്കുന്നത്. രോഗിയെ പരിചരിക്കുമ്പോൾ കൈകൾ ഇടക്കിടെ വൃത്തിയാക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് മുട്ടിന് മുകളിൽ കയ്യിറക്കമുള്ള ജാക്കറ്റുകളുടെ രൂപകൽപ്പന. ഇത് മാറ്റി കയ്യിറക്കമുള്ള സ്ക്രബ് ജാക്കറ്റുകൾ വേണമെന്നും ശിരസുമൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഏഴ് എംബിബിഎസ് വിദ്യാര്‍ത്ഥിനികൾ ഒപ്പിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ഓപ്പറേഷൻ തിയറ്ററിൽ രോഗിയുടെ സുരക്ഷ മുൻനിര്‍ത്തി ഉപയോഗിക്കുന്ന സ്ക്രബ് ജാക്കറ്റുകൾ ഒറ്റയടിക്ക് മാറ്റാൻ കഴിയില്ലെന്ന നിലപാട് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. അണുബാധ ഒഴിവാക്കേണ്ട സാഹചര്യവും രോഗിയുടെ സുരക്ഷയും കൂടി കണക്കിലെടുത്ത് വിദഗ്ധ സമിതി അഭിപ്രായം വൈകാതെ അറിയിക്കാമെന്നാണ് വിദ്യാര്‍ത്ഥികൾക്ക് നൽകിയ മറുപടി. മെഡിക്കൽ കോളേജാശുപത്രിയിലെ വിവിധ വകുപ്പ് മേധാവികൾ ഈയാഴ്ച യോഗം ചേരും. ഒപ്പം മെഡിക്കൽ മേഖലയിലെ വിദഗ്ധരുമായി ആലോചിച്ചാകും അന്തിമ നിലപാട് സ്വീകരിക്കുക. മതാചാരത്തെ ഓപ്പറേഷൻ തിയറ്റര്‍ പ്രോട്ടോകോളുമായി കൂട്ടിക്കുഴയ്ക്കുന്നതിലുള്ള വിയോജിപ്പ് ആരോഗ്യ വിദഗ്ധരും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam