കിണറ്റിൽ പാറപ്പൊടിയും ചെളിയും നിറഞ്ഞു; ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റ് നിർമ്മാണം തടഞ്ഞ് നാട്ടുകാർ

By Web TeamFirst Published Feb 6, 2023, 3:18 PM IST
Highlights

പഞ്ചായത്തിന്‍റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും നിര്‍ദ്ദേശങ്ങള്‍ മറികടന്നുളള നിര്‍മാണം പരിസരവാസികള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു

കോഴിക്കോട്: പന്തീരാങ്കാവില്‍ ഹൈ ലൈറ്റ് ഗ്രൂപ്പിന്‍റെ ഫ്ലാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. സമീപത്തെ കിണറുകളില്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും ഒഴുകിയെത്തിയ ചെളി വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയത്. സമരം ശക്തമായതോടെ കിണറുകൾ വൃത്തിയാക്കി പ്രശ്നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് നാട്ടുകാര്‍ സമരത്തിൽ നിന്ന് പിന്തിരിഞ്ഞത്.

പന്തീരങ്കാവ് ബൈപ്പാസില്‍ ഹൈലൈറ്റ് മാളിനോട് ചേര്‍ന്നാണ് ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ വന്‍കിട ഫ്ലാറ്റ് നിര്‍മ്മാണം. പഞ്ചായത്തിന്‍റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും നിര്‍ദ്ദേശങ്ങള്‍ മറികടന്നുളള നിര്‍മാണം പരിസരവാസികള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചാകും നിര്‍മാണം നടത്തുകയെന്ന് കമ്പനി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പരിസരവാസികളുടെ കിണറുകളില്‍ പാറപ്പൊടിയും ചെളിയും കലര്‍ന്ന വെള്ളം നിറഞ്ഞത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വെള്ളം വൃത്തിഹീനമായതോടെ പല്ല് തേക്കാനോ കുളിക്കാനോ മറ്റ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ തങ്ങൾക്ക് സാധിച്ചില്ലെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇവിടുത്തെ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും മുടങ്ങി. നാട്ടുകാർ പരാതി ഉന്നയിച്ചിട്ടും ആദ്യഘട്ടത്തിൽ പരിഹാരമുണ്ടായില്ല. ഇതേ തുടർന്നാണ് സമരത്തിലേക്ക് നീങ്ങിയതെന്നും നാട്ടുകാർ പറഞ്ഞു.

പ്രതിഷേധത്തിനു പിന്നാലെ കമ്പനി അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. കിണറുകളിലെ ചെളിവെള്ളം സ്വന്തം ചെലവില്‍ നീക്കുമെന്നാണ് കമ്പനി പ്രദേശ വാസികൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ഉറപ്പ്. ഇതിനായുള്ള പ്രവൃത്തി തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം നിര്‍ത്തുകയും ചെയ്തു. കിണറുകള്‍ മുഴുവന്‍ ശുചീകരിച്ച് നല്‍കുമെന്നും ഇനി ഇത്തരം പ്രശ്നം ഉണ്ടാകില്ലെന്നും കമ്പനി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!