അന്ന് കുമരകം, തട്ടേക്കാട്, തേക്കടി; ഇന്ന് നൊമ്പരമായി താനൂർ; തുടരുന്ന ബോട്ടപകടങ്ങൾ, കുറ്റം ആരുടേതാണ്?

Published : May 08, 2023, 08:37 AM ISTUpdated : May 08, 2023, 02:29 PM IST
അന്ന് കുമരകം, തട്ടേക്കാട്, തേക്കടി; ഇന്ന്  നൊമ്പരമായി താനൂർ; തുടരുന്ന ബോട്ടപകടങ്ങൾ,  കുറ്റം ആരുടേതാണ്?

Synopsis

ഓരോ അപകടത്തിനു ശേഷവും അന്വേഷണവും കണ്ടെത്തലും നിർദ്ദേശങ്ങളും മുടക്കമില്ലാതെ ഉണ്ടാകുമ്പോഴും അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലും യാത്രക്കാരുടെ സുരക്ഷയും സംബന്ധിച്ച നടപടികൾ ഏത് അളവ് വരെ പ്രാവർത്തികമാകാറുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 

പല്ലന മുതൽ തേക്കടി വരെയുള്ള ബോട്ടപകടങ്ങൾ ദുരന്തസാക്ഷ്യമായി മാറിയ നാടാണ് കേരളം.  1924 ജനുവരി 24നാണ്  കൊല്ലത്തുനിന്ന് പുറപ്പെട്ട ബോട്ട് പല്ലനയാറ്റിൽ മറിഞ്ഞ് മഹാകവി കുമാരനാശാനടക്കം 23 പേർ മരിച്ചത്. 95 പേർക്ക് കയറാവുന്ന ബോട്ടിൽ 151 യാത്രക്കാരാണ് അന്നുണ്ടായിരുന്നത്. സംസ്ഥാനത്തെ പ്രധാന ബോട്ടപകടങ്ങളിൽ ആദ്യത്തേതായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവമാണ്. ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ട വലിയ അപകടം തേക്കടിയിലേതാ‌യിരുന്നു. 2009ലാണ് 45 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. ഏറ്റവും വലിയ ബോട്ട് ദുരന്തവും ഇതുതന്നെയാണ്. 

തേക്ക‌ടിയിൽ സംഭവിച്ചത്

2009 സെപ്റ്റംബർ 30നാണ് കെടിഡിസിയുടെ ജലകന്യക ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ ഇടുക്കിയിലെ തേക്കടി തടാകത്തിലെ മണിക്കവല ഭാഗത്തുവെച്ച്  ബോട്ട് മുങ്ങുകയായിരുന്നു.  മരിച്ചവരിൽ ഏഴുകുട്ടികളും 23 സ്ത്രീകളുമുൾപ്പെടുന്നു. അനമുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതു മൂലമുണ്ടായ അമിതഭാരമായിരുന്നു അപക‌ടകാരണം. 75 പേർ കയറേണ്ട ബോട്ടിൽ 97 പേരാണ് അപകടസമയത്തുണ്ടായിരുന്നത്. കൂടുതൽ ആളുകൾ മുകളിലത്തെ ഡെക്കിലാണ് ഉണ്ടായിരുന്നത്. പെട്ടെന്നു വെട്ടിത്തിരിച്ചപ്പോൾ 180 ഡിഗ്രിയിൽ ബോട്ട് മറിയുകയായിരുന്നു. സർവ്വീസ് ആരംഭിച്ച് 45ാം ദിവസമായിരുന്നു അപകടം ഉണ്ടായത്.

കുമരകം ബോട്ടപകടം

2002 ജൂലൈ 27ന് മുഹമ്മയിൽ നിന്ന് പുലർച്ചെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗാഗതവകുപ്പിന്റെ എ 53-ാം നമ്പർ ബോട്ട് മുങ്ങുകയായിരുന്നു. കുമകരം ജെട്ടിയിൽ ബോട്ട് എത്തുന്നതിന് ഏതാനും കിലോമീറ്റർ അകലെ വച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 15 പേർ സ്ത്രീകളായിരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. 

തട്ടേക്കാട്  അപകടം

2007 ഫെബ്രുവരി 30നാണ് ഭൂതത്താൻ അണക്കെട്ടിന് സമീപം തട്ടേക്കാട് ബോട്ട് മുങ്ങി 18 പേർ മരിച്ചത്. അങ്കമാലിയിലെ ഒരു സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയവരാണ്  അപകടത്തിൽപ്പെട്ടത്. 15 വിദ്യാർഥികളും അധ്യാപകരും അപകട‌ത്തിൽ മരിച്ചു.  ബോട്ടിന്റെ അടിഭാഗം ഇളകിയതാണ് അപകടകാരണമായി കണ്ടെത്തിയത്. അധികം യാത്രക്കാരെ കയറ്റിയതും കാരണമായി.

മറ്റ് ബോട്ടപകടങ്ങൾ

1997ൽ എറണാകുളം  പെരിയാർ ബോട്ടപകടത്തിൽ നാല് പേർ മരിച്ചു. 1990ൽ തിരുവനന്തപുരം പേപ്പാറ ഡാമിലുണ്ടായ അപകടത്തിൽ ഏഴ് മരണം ഉണ്ടായി. 1980ൽ എറണാകുളം കണ്ണമാലിയിലുണ്ടായ ബോട്ടപകടത്തിൽ 29 പേർ മരിച്ചു. 1983ൽ വല്ലാർപാടത്തുണ്ടായ അപകടത്തിൽ 18 പേർ ക്ക് ജീവൻ നഷ്ടമായി. 1991ൽ ആലപ്പുഴ പുന്നമടയിൽ നടന്ന അപകടത്തിൽ  മൂന്ന് പേർ മരിച്ചു. 2013 ജനുവരി 26ന് ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ചെന്നൈയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. യാത്ര ചെയ്യാൻ ഒരുക്കി നിർത്തിയിരുന്ന ഹൗസ് ബോട്ടിലേക്ക് മറ്റൊരു ചെറിയ ഹൗസ് ബോട്ടിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ  മറിയുകയായിരുന്നു. 

Read Also; 'മുമ്പും ആളെ കുത്തിനിറച്ച് ബോട്ട് സർവീസ്, പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല'; ആരോപണവുമായി നാട്ടുകാർ

നടപടികളുണ്ടായോ? 

തേക്കടി ദുരന്തത്തിന് ബോട്ടിന്റെ അശാസ്ത്രീയമായ നിർമാണവും കൂടുതലാളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതുമാണ് അപകടകാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. അന്വേഷണസംഘം 22 വീഴ്ചകൾ കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ സർക്കാർ നടപടികളൊന്നും ഉണ്ടായില്ല.   ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണു ബോട്ട് ദുരന്തം ഉണ്ടായതെന്ന്  അപകടത്തെക്കുരിച്ച് അന്വേഷിച്ച ജസ്റ്റിസ് ഇ മൈതീൻകുഞ്ഞ് കമ്മിഷൻ കണ്ടെത്തിയിരുന്നു. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സംസ്ഥാന മാരിടൈം ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാരായണക്കുറുപ്പ് കമ്മീഷനെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മീഷൻ മുന്നോട്ടുവച്ച, ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന നിർദേശം പൂർണമായും ന‌‌ടപ്പിലായില്ല.

തട്ടേക്കാട് ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് പരീത്പിള്ള സമർപ്പിച്ച റിപ്പോർട്ടിൽ ഉൾനാടൻ ഗതാഗതം സംബന്ധിച്ച് സമഗ്ര നിയമനിർമാണം നടത്തണമെന്നുള്ള നിർദേശമുണ്ടായിരുന്നു. ഒപ്പം നീന്തൽ പഠ്യേതരവിഷയമാക്കണമെന്നതുൾപ്പെടെയുള്ള എൺപത്താറോളം നിർദേശങ്ങളുമുണ്ടായിരുന്നു. ഇതും എങ്ങുമെത്തിയില്ല. 

ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനും മലയാളിയുമായ മുരളി തുമ്മാരുകുടി ഹൗസ് ബോട്ട് രം​ഗത്തെ സുരക്ഷാപ്പിഴവ്, ആധുനികവത്കരിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഒരു കുറിപ്പെഴുതിയിരുന്നു. യാത്രക്ക് മുമ്പുള്ള സുരക്ഷാ ബ്രീഫിങ് ഇല്ലായ്മ, സുരക്ഷിതമല്ലാത്ത രീതിയിൽ പാചകം തുടങ്ങി നിരവധി കാരണങ്ങൾ നിരത്തി ഉടൻ തന്നെ ഒരപകടമുണ്ടാകാനുള്ള സാധ്യതയാണ് ആ കുറിപ്പിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത്.  കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അപകട സാധ്യത അവലോകനം ചെയ്തും മുൻകരുതലുകൾ ശ്രദ്ധിച്ചും ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിച്ചുമാണ് താൻ ഇത് പറയുന്നതെന്നും മുരളി തുമ്മാരുകുടി പറ‍ഞ്ഞിരുന്നു. 

Read Also; 'കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ്ടാകും...'; മുരളി തുമ്മാരുകുടി ഒരുമാസം മുമ്പേ മുന്നറിയിപ്പ് നൽകി

ഒരു മാസത്തിനിപ്പുറം നൊമ്പരമായി താനൂർ മാറുമ്പോൾ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. വേണ്ടത്ര സുരക്ഷാമുൻകരുതലുകൾ ഇല്ലാഞ്ഞതാണ് അപകടകാരണമെന്നാണ് സൂചനകൾ പറയുന്നത്. ഏറ്റവുമൊ‌ടുവിൽ വിവരം ലഭിക്കുന്നത് താനൂരിൽ പൊലിഞ്ഞത് 22 ജീവനാണ്.   അനുവദനീയമായതിലും കൂടുതൽ ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനബോട്ട് രൂപം മാറ്റി വിനോദസഞ്ചാരത്തിനായി ഉപയോ​ഗിക്കുകയായിരുന്നെന്ന സംശയവം പുറത്തുവന്നു. അങ്ങനെയെങ്കിൽ ഈ ബോട്ടിന് എങ്ങനെ ലൈസൻസ് കിട്ടിയെന്ന ചോദ്യവും ഉയരുകയാണ്. ഓരോ അപകടത്തിനു ശേഷവും അന്വേഷണവും കണ്ടെത്തലും നിർദ്ദേശങ്ങളും മുടക്കമില്ലാതെ ഉണ്ടാകുമ്പോഴും അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലും യാത്രക്കാരുടെ സുരക്ഷയും സംബന്ധിച്ച നടപടികൾ ഏത് അളവ് വരെ പ്രാവർത്തികമാകാറുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ