പൂച്ചകളുടെ ബേട്ടി ഓർമ്മയായി

By Web TeamFirst Published Sep 23, 2019, 11:12 PM IST
Highlights
  • കഴിഞ്ഞ ആറ് മാസമായി എൻ എസ് എസ് ബിൽഡിംഗിലെ എ ടി എം കൗണ്ടറിന് സമീപത്തായിരുന്നു കിടപ്പ്.
  • രണ്ടു ദിവസമായി തീർത്തും അവശനിലയിലായിരുന്നു.  തിങ്കളാഴ്ച രാവിലെ പുന്നപ്ര പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
  • മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അമ്പലപ്പുഴ: സ്വന്തകാരെന്നു പറയാൻ ബേട്ടിക്ക് കുറച്ചു പൂച്ചകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ബേട്ടി മരിക്കുമ്പോൾ അരികത്ത് പൂച്ചകളും ഉണ്ടായിരുന്നില്ല. ഏറെക്കാലമായി ആലപ്പുഴയിലെ കടത്തിണ്ണകളിൽ താമസിച്ചു വന്ന ബേട്ടി എന്ന വയോധിക മരിച്ചു. 

പുന്നപ്രയിലെ ജില്ലാ സഹകരണബാങ്ക് പ്രവർത്തിക്കുന്ന കളിത്തട്ട് ജംഗ്ഷനിലെ എൻ എസ് എസ് ബിൽഡിംഗിലാണ് ബേട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷമായി കളിത്തട്ട് ജംഗ്ഷനിലുള്ള വിവിധ കടത്തിണ്ണകളായിരുന്നു ബേട്ടി കിടപ്പാമാക്കിയത്.

കഴിഞ്ഞ ആറ് മാസമായി എൻ എസ് എസ് ബിൽഡിംഗിലെ എ ടി എം കൗണ്ടറിന് സമീപത്തായിരുന്നു കിടപ്പ്. രണ്ടു ദിവസമായി തീർത്തും അവശനിലയിലായിരുന്നു.  തിങ്കളാഴ്ച രാവിലെ കച്ചവടക്കാർ വിവരമറിയിച്ച് പുന്നപ്ര പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വിവിധ ഭാഷകൾ സംസാരിച്ചിരുന്ന ബേട്ടിയുടെ സ്വന്തം നാട് എവിടെയാണെന്നൊ ബന്ധുക്കളെയൊ ആരും അറിയില്ല.  ഏറെക്കാലം ആലപ്പുഴയിലായിരുന്നു  കഴിഞ്ഞരുന്നത്. ബേട്ടിയെ അറിയാവുന്നവർ നൽക്കുന്ന പണം വാങ്ങും. ആരോടും ചോദിച്ചു വാങ്ങുന്ന ശീലമില്ല. ബേട്ടിയോടൊപ്പം  കുറച്ചു പൂച്ചകളും കൂട്ടിനായെത്തും. 

അവർക്ക് ഭക്ഷണം കൊടുത്തതിനുശേഷമെ ബേട്ടി കഴിക്കുകയുള്ളു. കഴിഞ്ഞ രണ്ടു ദിവസം മുമ്പുവരെ ബേട്ടിക്കരികിൽ കാവലായി പൂച്ചകളും ഉണ്ടായിരുന്നു. എന്നാൽ അസുഖം പിടിപെട്ട് ബേട്ടി കിടപ്പിലായതോടെ പൂച്ചകളെ കാണാതായി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാൽ വിട്ടുകൊടുക്കും. ഇല്ലെങ്കിൽ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാൻ ആലപ്പുഴയിലെ ഒരു സംഘടന തയ്യാറായിട്ടുണ്ട്.

click me!