
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ആരൊക്കെ ആയിരിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ചീഫ് സെക്രട്ടറിയെയും പുതിയ സംസ്ഥാന പൊലിസ് മേധാവിയെയും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനാണ് ഏറ്റവുമധികം സാധ്യത. സംസ്ഥാന പൊലീസിന്‍റെ തലപ്പത്ത് കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാളാകും എത്തുക. ഈ മാസത്തോടെ ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാണ് രണ്ട് സ്ഥാനത്തേക്കും പുതിയ ആളുകളെത്തുക.
ഇക്കുറി ഇതാദ്യമായി കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് കാലവർഷം കനക്കും! 9 ജില്ലകളിൽ ജാഗ്രത
ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്. വി പി ജോയിക്ക് പിൻഗാമി ആഭ്യന്തര സെക്രട്ടറി വി വേണു ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വേണുവിനേക്കാൾ സീനിയറായ രണ്ട് ഉദ്യോഗസ്ഥർ കേന്ദ്ര സർവ്വീസിൽ നിന്നും മടങ്ങിവരില്ലെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വേണുവാകും ചീഫ് സെക്രട്ടറിയായി എത്തുകയെന്ന കാര്യത്തിൽ വലിയ ആകാംക്ഷയൊന്നും ഭരണസിരാ കേന്ദ്രത്തിൽ കാണാനില്ല.
എന്നാൽ അനിൽകാന്തിന്‍റെ പിൻഗാമിയായി പൊലീസ് തലപ്പത്ത് ആരാകും എത്തുക എന്നതിൽ ആകാംക്ഷ തുടരുകയാണ്. ഫയർഫോഴ്സ് മേധാവി ഷേയ്ഖ് ദർവേസ് സാഹിബും ജയിൽ മേധാവി കെ പത്മകുമാറുമാണ് സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്. രണ്ടുപേരും ഇടത് സർക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എ ഡി ജി പിയുമായിരുന്നു ഷെയ്ഖ് ദർവേസ് സാഹിബ്. സർക്കാറിന്‍റെ വിശ്വസ്തനായതോടെ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പിയായി പ്രവർത്തിക്കുകയായിരുന്നു പത്മകുമാർ. കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് പിന്നിൽ പത്മകുമാർ പ്രവർത്തിച്ചിരുന്നു. പ്രായോഗിക പൊലീസിംഗാണ് പത്മകുമാറിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നത്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് ഷെയ്ഖ് ദർവേസ് സാഹിബിന്‍റെ മുതൽക്കൂട്ട്. എന്തായാലും ഇവരിൽ ആരെയാകും പിണറായി സർക്കാർ തെരഞ്ഞെടുക്കുകയെന്നത് കണ്ടറിയാം.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam