ഹോർട്ടി വൈൻ വിവാദത്തിൽ അതിവേഗം സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം; ഉത്തരവിറക്കി

Published : Oct 18, 2026, 05:22 PM IST
M Liju

Synopsis

ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ വിവാദത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ മാറ്റി പകരം വി സുഭാഷിനെ നിയമിച്ചു

തിരുവനന്തപുരം: ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു. അനിൽ കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല. അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ മന്ത്രി അറിയിച്ചു. സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു. അതേസമയം വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കും.

മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അതൃപ്തി

ബേക്കറിക്ക് ഹോര്‍ട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ച നടപടിയിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തിയിലാണ്. കേരളത്തിൽ ഇതാദ്യമായാണ് ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈനിൻ്റെ വിൽപ്പനക്ക് ആദ്യ അനുമതി ചാലക്കുടിയിലെ എം ആർ സി ബേക്കറിക്കാണ് നൽകിയത്. 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത് ഇടത് സര്‍ക്കാരായിരുന്നു. 2022 - 23 ലെ മദ്യ നയ പ്രകാരമായിരുന്നു നടപടികള്‍. ഇതിനായി 2022 ൽ സ്മാള്‍ സ്കെയിൽ വൈനറി റൂള്‍സ് ഉണ്ടാക്കി. സാധാരണ വൈനിന് പോലെ 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഉത്പാദനത്തിന് അപേക്ഷകള്‍ കിട്ടി. അടുത്ത പടിയായി ബെവ്കോ ഷോപ്പുകള്‍ അല്ലാതെ പുറത്ത് വിൽക്കാനുളള അനുമതി കൊടുത്ത് ചട്ടം ഭേദഗതി ചെയ്തു. 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിൽപന ശാലകള്‍ക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു. 2025 സെപ്തംബറിൽ 10 ചതുരശ്ര മീറ്ററായി ചുരുക്കി. എന്നാൽ ഇതിന് വിൽപ്പനാനുമതി തേടി അപേക്ഷയെത്തിയത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. ജൂണിൽ കിട്ടിയ അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിൽ വിൽപനാ നുമതി നൽകിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ അറിഞ്ഞില്ല. വിവരം വാര്‍ത്തയിലൂടെ അറിയേണ്ട വന്ന എക്സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലായി. മുഖ്യന്ത്രിയും അമർഷം വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്‍റെ നിയമ ഭേദഗതിയെക്കുറിച്ച് നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നൽകി. ഒന്നും അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദത്തെ മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് ചോദ്യം ചെയ്തു. സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ സ്വരത്തിൽ നീങ്ങുമ്പോള്‍ ലൈസന്‍സ് നിയമപ്രകാരമെന്ന് നിലപാടിലാണ് എക്സൈസ് കമ്മീഷണറേറ്റ്. നയപ്രശ്നത്തില്‍ കുരുങ്ങി നില്‍ക്കുകയാണ് സര്‍ക്കാര്‍. വീര്യം കുറഞ്ഞ മദ്യ വിൽപന അനുമതി കൊടുക്കണോയെന്ന തര്‍ക്കത്തിൽ നയപരമായ തീരുമാനത്തിന് യു ഡി എഫ് നിൽക്കെയാണ് ഹോര്‍ട്ടി വൈൻ വിൽപ്പന അനുമതി വിവാദവും ആളിക്കത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രി എന്ന നിലയിൽ അറിയിച്ചില്ല', ബേക്കറി വഴിയുള്ള ഹോർട്ടി വൈൻ വിൽപ്പന അനുമതി വിവാദത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടിയെന്ന് ലിജു
മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും; 6199 പേർക്കെതിരെ കേസെടുത്തു, ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ