കൊച്ചി: കൊച്ചിയിൽ വീട്ടുജോലിക്കാരി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇയാളും കുടുംബവും ഒളിവിലെന്നാണ് കൊച്ചി സെൻട്രൽ പൊലീസ് പറയുന്നത്. കുമാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം ഫ്ലാറ്റുടമ അഡ്വ. ഇംതിയാസിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കും.
ഇയാളെ അന്വേഷിച്ച് എറണാകുളം സെൻട്രൽ പൊലീസ് ഫ്ലാറ്റിൽ എത്തിയിരുന്നു. രണ്ടുദിവസമായി ഇവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് പൊലീസിന് കിട്ടിയത്. അഭിഭാഷകനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ മുൻകൂർ ജാമ്യത്തിനുളള സാധ്യതകളും അഭിഭാഷകൻ തേടുന്നതായി സൂചനയുണ്ട്.
മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണാണ് വീട്ടു ജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി കുമാരി മരിച്ചത്. സാരികൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് കുമാരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ കൊച്ചി മരടിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുമാരി മരിച്ചത്. തുടർ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്നും വ്യക്തമായി. ഇതേത്തുടർന്നാണ് പോസ്റ്റുമാർട്ടം അടക്കമുളള തുടർ നടപടികൾക്ക് കാലതാമസം നേരിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam