
പത്തനംതിട്ട: കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റിൽ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റിൽ വീണത്. പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലാണ് സംഭവം. പ്ലാവിയിൽ വീട്ടിൽ എലിസബത്തിനെ ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആണ് എലിസബത്തിനെ കാണാതായത്. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45 ന് അടുത്ത പുരയിടത്തിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ടു. പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയതാണ് എലിസബത്ത്. കിണറിന് മുകളിൽ നിരത്തിയിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇന്നലെ മുതൽ എലിസബത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് ഇന്ന് കിണറ്റിൽ നിന്നും എലിസബത്തിനെ കണ്ടെത്തിയത്. ആഴമുള്ള കിണറ്റിൽ നിന്നും ഇവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായത്തിനെ തുടർന്നാണ് അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടിയത്. 50 അടിയോളം താഴ്‌ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റിൽ അഞ്ച് അടിയോളം വെള്ളമുണ്ട്.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അടൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിലാഷ് എന്നിവർ കിണറ്റിലിറങ്ങി നെറ്റിന്‍റെയും കയറിന്‍റെയും സഹായത്തോടെ എലിസബത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു ദിവസത്തോളം കിണറ്റിലെ വെള്ളത്തിൽ കിടന്ന് അവശ നിലയിലായിരുന്നു എലിസബത്ത്. എലിസബത്തിനെ അജികുമാറും അഭിലാഷും ചേർന്ന് പരിക്കുകൾ ഗുരുതരമാകാത്ത വിധം നെറ്റിനുള്ളിൽ ആക്കി സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ഫയർ ഫോഴ്സിന്‍റെ ആംബുലൻസിൽ എലിസബത്തിനെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam