'വെട്ടിയത് ചുരുങ്ങിയത് 18,000 കോടി രൂപ, കേരളത്തെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്രം'; വിശദീകരണവുമായി ധനമന്ത്രി

By Web TeamFirst Published Feb 6, 2023, 3:38 AM IST
Highlights

എങ്ങനെയാണ് കേന്ദ്ര നടപടികൾ  സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത് ? രണ്ടുദാഹരണങ്ങൾ പറയാം 

തിരുവനന്തപുരം: ബജറ്റ് സംബന്ധിച്ച ചർച്ചകളും വിമർശനങ്ങളും തുടരുന്നതിനിടെ കേന്ദ്ര നടപടികൾ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. രണ്ട് ഉദാഹരങ്ങൾ ഉൾപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് ബാല​ഗോപാൽ കേന്ദ്ര നടപടികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുള്ളത്.

കെ എൻ ബാല​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 

എങ്ങനെയാണ് കേന്ദ്ര നടപടികൾ  സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത് ? രണ്ടുദാഹരണങ്ങൾ പറയാം 

1) ഡിവിസിബിൾ പൂൾ 

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതികളുടെ  59% കേന്ദ്രം എടുക്കുകയും ബാക്കി 41% സംസ്ഥാനങ്ങൾക്ക് വീതം വെച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ വീതം വെച്ച് നൽകേണ്ടുന്ന ഈ 41 ശതമാനത്തിനെ വിളിക്കുന്ന പേരാണ് ഡിവിസിബിൾ പൂൾ. ഡിവിസിബിൾ പൂളിൽ നിന്നും തുക സംസ്ഥാനങ്ങൾക്കിടയിൽ വീതം വയ്ക്കാനുള്ള അനുപാതം തീരുമാനിക്കുന്നത് കേന്ദ്ര ധനകാര്യ കമ്മീഷനാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് (1995-2000) കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതം 3.87 % ആയിരുന്നു.

അതായത്  സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടുന്ന ഡിവിസിബിൾ പൂളിലെ 100 രൂപയിൽ  3.87 രൂപ കേരളത്തിനുള്ളതായിരുന്നു. അത് കുറച്ചു കുറച്ചു കൊണ്ടുവന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (2020-25) കാലമായപ്പോഴേക്കും 1.925 % ആക്കി. അതായത് കേരളത്തിന്റെ വിഹിതം പകുതിയിൽ താഴെയായി കുറച്ചു.  ഇപ്പോൾ ഒരു വർഷം ഈ ഇനത്തിൽ കേരളത്തിന് ലഭിക്കുന്നത് 18000 കോടി രൂപയോളമാണ്. ചുരുങ്ങിയത് 18,000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയിരിക്കുന്നു.

2) ജി എസ് ടി  

2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജി എസ് ടി നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിൽ വന്ന ആദ്യകാലങ്ങളിൽ റവന്യൂ ന്യൂട്രൽ റേറ്റ്  16 ശതമാനമായിരുന്നു. എന്നുവച്ചാൽ100 രൂപയുടെ സാധനങ്ങളും സേവനങ്ങളും സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുമ്പോൾ നികുതിയായി 16 രൂപ  സർക്കാരിന് ലഭിക്കുമായിരുന്നു. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ വൻകിട ബിസിനസുകാരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി ആഡംബര വസ്തുക്കളുടെ നികുതിയിൽ വൻ കുറവു വരുത്തുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ  പഠനത്തിൽ കണ്ടെത്തിയത് ആഡംബര വസ്തുക്കളുടെ നികുതി കുറവു ചെയ്തതു കൊണ്ട് സാധനങ്ങളുടെ വിലയിൽ കുറവ് വന്നിട്ടില്ലെന്നും, ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നുമാണ്. നികുതി കുറഞ്ഞ തക്കത്തിന് സാധനങ്ങളുടെ വില കൂട്ടി  വ്യാപാരികൾ ലാഭം കൂട്ടുകയാണ് ചെയ്തത്. നികുതി സംവിധാനം വിപുലീകരിക്കപ്പെടുമെന്നും നികുതി വരുമാനം വർദ്ധിക്കും എന്നും പറഞ്ഞുകൊണ്ട് നിലവിൽ വന്ന ജി എസ് ടി  സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വരുമാന നഷ്ടമാണ് സൃഷ്ടിച്ചത്.

16 രൂപയിൽ നിന്ന് 11 രൂപയിലേക്ക് റവന്യൂ ന്യൂട്രൽ റേറ്റ് പോകുമ്പോൾ കേരളത്തിന്റെ നികുതി വരുമാനത്തിൽ മൂന്നിലൊന്ന് കുറവാണുണ്ടാകുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ ജി എസ് ടി വരുമാനം 24000 കോടി രൂപയാണ്.  നടപ്പുവർഷം നാം പ്രതീക്ഷിക്കുന്ന ജി എസ് ടി വരുമാനം 30000 കോടി രൂപയാണ്. ശരിക്കും സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിന്റെ മൂന്നിൽ രണ്ടുമാത്രമാണ് ഈ 30,000 കോടി രൂപ.  പഴയ നിരക്ക് ആയിരുന്നെങ്കിൽ ഏകദേശം 45,000 കോടി രൂപയാകുമായിരുന്നു സർക്കാരിന്റെ വരുമാനം.

അതായത് 15000 കോടിയുടെ അധിക വരുമാനം സർക്കാരിന് ഉണ്ടാകുമായിരുന്നു. ഇവ രണ്ടും കൂടി ചേർത്താൽ തന്നെ 33,000 കോടി രൂപയുടെ വരുമാനം  അധികമായി നമുക്ക് ലഭിച്ചേനെ. ഈ പണം ലഭിക്കുമായിരുന്നെങ്കിൽ നമുക്ക് പുറത്തുനിന്ന് അധികമായി കടമെടുക്കേണ്ടി പോലും വരുമായിരുന്നില്ല. ഈ നയം തിരുത്തപ്പെടണം. നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം നീതിയുക്തമായി ലഭിക്കണമെന്നും ബാല​ഗോപാൽ ആവശ്യപ്പെട്ടു. 

വന്ദേഭാരത് ട്രെയിനിലെ പ്രഭാത ഭക്ഷണം; വടയിലെ അധിക എണ്ണ പിഴിഞ്ഞ് വീഡിയോയുമായി യാത്രക്കാരൻ, ഐആർസിടിസിക്ക് വിമർശനം

click me!