മലമ്പനിയിൽ കേരളം നേരിടുന്ന വെല്ലുവിളി കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് രോഗബാധയുണ്ടാകുന്നത്; ആരോഗ്യമന്ത്രി

Published : Apr 25, 2025, 05:30 PM IST
മലമ്പനിയിൽ കേരളം നേരിടുന്ന വെല്ലുവിളി കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് രോഗബാധയുണ്ടാകുന്നത്; ആരോഗ്യമന്ത്രി

Synopsis

2027-ഓട് കൂടി മലേറിയ നിവാരണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. മലേറിയ കേസുകള്‍ ഏറ്റവും കുറവുള്ള കാറ്റഗറി വണ്ണിലാണ് കേരളം ഉള്‍പ്പെടുന്നത്.

തിരുവനന്തപുരം: മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലമ്പനി നിവാരണം ചെയ്യുന്നതിനായി കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. അതില്‍ വലിയ തോതില്‍ വിജയം കൈവരിക്കാന്‍ നമുക്കായിട്ടുണ്ട്. പക്ഷേ നമ്മള്‍ നേരിടുന്ന വെല്ലുവിളി മറ്റ് ഇടങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് മലമ്പനി കണ്ടെത്തുന്നു എന്നുള്ളതാണ്. അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് മലമ്പനി പകരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴില്‍ കോണ്‍ട്രാക്ടര്‍മാര്‍, തൊഴില്‍ വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

2027-ഓട് കൂടി മലേറിയ നിവാരണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. മലേറിയ കേസുകള്‍ ഏറ്റവും കുറവുള്ള കാറ്റഗറി വണ്ണിലാണ് കേരളം ഉള്‍പ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളും കാറ്റഗറി വണ്ണിലാണ് വരുന്നത്. എന്നാല്‍ ചില തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ തദ്ദേശീയ മലേറിയ റിപ്പോര്‍ട്ട് ചെയപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 8 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ തദ്ദേശീയ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ തദ്ദേശീയ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 1019 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്‍ഗോട് എന്നീ ജില്ലകളും നിലവില്‍ മലമ്പനി നിവാരണ പ്രഖ്യാപനത്തിന് അര്‍ഹമാണ്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും മലമ്പനി നിവാരണ പ്രഖ്യാപനത്തിന് ആവശ്യമായ രേഖകളും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തയ്യാറാക്കുക എന്നതാണ് 2025 ലോക മലേറിയ ദിനാചാരണത്തിന്റെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അതിഥി തൊഴിലാളികളുടെയും മലേറിയ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരുടേയും നിരീക്ഷണം പ്രധാനമാണ്. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുവാന്‍ നമുക്ക് സാധിക്കും.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.പി. റീത്ത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ കെ. ഗോപാല്‍, ആരോഗ്യ കേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ് എസ്., സംസ്ഥാന മാസ് എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Read More :  വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്