
കൊച്ചി: ഭൂമി വിട്ട് അന്യഗ്രഹങ്ങളിലുള്ള മനുഷ്യവാസം ദശാബ്ദങ്ങൾക്കപ്പുറം സംഭവിച്ചേക്കാമെന്ന് നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്. സുനിതാ വില്യംസ് ഉൾപ്പെടുന്ന ബഹിരാകാശ സംഘം വൈകാതെ മടങ്ങി വരുമെന്നും സ്മിത്ത് പറഞ്ഞു. കൊച്ചിയിലെ അന്താരാഷ്ട്ര എഐ കോൺക്ലെവിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സ്മിത്ത്.
ഒരു ബഹിരാകാശ യാത്രികനെ അടുത്തു കണ്ടാല്‍ ചോദിക്കാനായിരം ചോദ്യങ്ങളുണ്ടാകും. നാസയുടെ ചിറകിലേറി ആകാശങ്ങള്‍ കീഴടക്കിയ സ്റ്റീവ് ലി സ്മിത്ത് കൊച്ചിയിൽ എത്തിയപ്പോഴും നിറയെ ചോദ്യങ്ങള്‍. ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് ബഹിരാകാശത്തു നിന്ന് ഭൂമിയിലെത്താന്‍ ഇനിയും വൈകുമോ എന്നായിരുന്നു ആദ്യമറിയേണ്ടത്. ചില പരിശോധനകൾ കൂടി പൂർത്തിയാക്കി വേണം ബഹിരാകാശ സംഘത്തെ തിരിച്ചെത്തിക്കാനെന്ന് സ്മിത്ത് പറഞ്ഞു. ഏതൊരു ബഹിരാകാശ സഞ്ചാരിയും ആഗ്രഹിക്കുന്നത് കൂടുതൽ സമയം ബഹിരാകാശത്ത് നിൽക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ഗ്രഹങ്ങളിലേക്ക് മനുഷ്യര്‍ ചേക്കേറുമോ എന്ന ചോദ്യത്തിന്‍റ ഉത്തരത്തിനായി എല്ലാവരും കാത് കൂര്‍പ്പിച്ചിരുന്നു. ഇനിയും കാലങ്ങളെടുക്കുമെന്ന് മറുപടി. 100 വർഷത്തിനിടെയൊന്നും മനുഷ്യൻ കൂട്ടമായി മറ്റ് ഗ്രഹങ്ങളിലേക്ക് പോകില്ലെന്നും സ്മിത്ത് വിശദീകരിച്ചു. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനെ ചെറുതായി കാണുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. സ്പേസ് 2.0യ്ക്ക് തുടക്കം കുറിച്ചത് അവരാണ്. 15 വർഷം മുൻപ് പലരും അവരെ കളിയാക്കി ചിരിച്ചെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
നാല് തവണ നിരസിച്ച ശേഷമാണ് തന്നെ നാസ ബഹിരാകാശ ദൌത്യത്തിനായി തെരഞ്ഞെടുത്തതെന്നും സ്മിത്ത് പറഞ്ഞു. നാസയ്ക്കായി 16 ലക്ഷം മൈലാണ് സ്റ്റീവ് സ്മിത്ത് ബഹിരാകാശത്ത് സഞ്ചരിച്ചത്. ഏഴ് ബഹിരാകാശ നടത്തങ്ങളും പൂര്‍ത്തിയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam